കേംബ്രിഡ്ജ്: കേരള സംസ്ഥാന രൂപീകരണത്തിന്റെ എഴുപതാം വാർഷികവും കേംബ്രിഡ്ജിലെ മലയാളി കുടിയേറ്റത്തിന്റെ ഇരുപത്തഞ്ചാം വാർഷികവും പ്രമാണിച്ച്, ബ്രിട്ടീഷ് ജനതയ്ക്കായി യുകെയിലെ ആദ്യ 'കേരള എക്‌സിബിഷൻ' കേംബ്രിഡ്ജിൽ അരങ്ങേറുന്നു. ഡിസംബർ 12 ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കേംബ്രിഡ്ജ് ഗ്രാൻഡ് ആർക്കേഡിലെ സെൻട്രൽ ലൈബ്രറി ഹാളിലാണ് ഈ ചരിത്രപരമായ പ്രദർശനം നടക്കുന്നത്.
സൗത്ത് കേംബ്രിഡ്ജ്‌ഷെയർ ഡിസ്ട്രിക്ട് കൗൺസിലിൽ ഹിസ്റ്റൺ, ഇംപിംഗ്ടൺ, ഓർച്ചാർഡ് പാർക്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന കൗൺസിലർ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ തനത് സംസ്‌കാരം ബ്രിട്ടീഷ് സമൂഹത്തിനും പ്രദേശവാസികൾക്കും മുന്നിൽ പരിചയപ്പെടുത്തുന്നതിനായി കേംബ്രിഡ്ജിലെ മലയാളി കൂട്ടായ്മകളെ ഒന്നിപ്പിച്ചാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ആയുർവേദം, സുഗന്ധവ്യഞ്ജനങ്ങൾ, കലയും സംസ്‌കാരവും, പൈതൃകം എന്നീ നാല് പ്രധാന വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. കേരളീയ വേഷവിധാനങ്ങളണിഞ്ഞവർ, മാവേലി, തെയ്യം, മോഹിനിയാട്ടം എന്നിവയ്ക്കൊപ്പം കേരള ചരിത്രത്തെക്കുറിച്ചുള്ള അവതരണങ്ങളും പ്രഭാഷണങ്ങളും വിവിധ സ്റ്റാളുകളും പ്രദർശനത്തിലുണ്ടാകും. പരിപാടിയുടെ പങ്കാളികളായ ഗ്രാൻഡ് ആർക്കേഡിലും കേരളീയ വസ്തുക്കൾ പ്രദർശിപ്പിക്കും.
കേംബ്രിഡ്ജിലെ ഏറ്റവും സ്വാധീനമുള്ള സമൂഹങ്ങളിലൊന്നായ മലയാളികൾ എൻ.എച്ച്.എസ് (NHS), വിദ്യാഭ്യാസം, ശാസ്ത്രം, ബിസിനസ്സ്, രാഷ്ട്രീയം എന്നീ മേഖലകളിൽ സജീവമാണെന്ന് കൗൺസിലർ ജിയോ സെബാസ്റ്റ്യൻ പറഞ്ഞു. പ്രദർശനത്തിനായി സെൻട്രൽ ലൈബ്രറി പൂർണ്ണമായും ഏറ്റെടുത്തിരിക്കുകയാണെന്നും തങ്ങളുടെ സംസ്‌കാരം ബ്രിട്ടീഷ് അയൽക്കാരുമായി പങ്കുവെക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേംബ്രിഡ്ജ് കേരള കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളായ റോബിൻ കുര്യാക്കോസ് (പ്രസിഡന്റ്), മാത്യു തോമസ് (സെക്രട്ടറി), ജൂലി എബ്രഹാം (വൈസ് പ്രസിഡന്റ്), കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രതിനിധികളായ ലേഖ നായർ, ജോജി ജോസഫ്, മഞ്ജു ടോം, കേംബ്രിഡ്ജ് ഹിന്ദു ഓർഗനൈസേഷൻ പ്രതിനിധികളായ പ്രീതി ബിജു, വിദ്യാമോൾ ഭാസ്‌കരൻ നായർ, ശാലിനി ഗോപിനാഥ്, സെന്റ് ലോറൻസ് കാത്തലിക് ചർച്ച് വികാരി ഫാദർ റോബിൻ, കാത്തലിക് സീറോ മലബാർ ചർച്ച് കേംബ്രിഡ്ജ് വികാരി ഫാദർ ഫിലിപ്പ് ജോൺ, കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് ജെറി വല്യറ, എസ്.എൻ.ഡി.പി പ്രതിനിധികളായ സനൽ രാമചന്ദ്രൻ, മനോജ് പരമേശ്വരൻ, നാട്യാഞ്ജലി സ്‌കൂൾ ഓഫ് ഡാൻസിലെ ദിവ്യ രാംകുമാർ, ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി കേരള സൊസൈറ്റി പ്രതിനിധി ഗൗതം മേലാത്ത്, കാംബ്‌സ് കൾച്ചറൽ കമ്മ്യൂണിറ്റിയിലെ ആഷിഖ്, കേരള ആർട്ടിസ്റ്റ് റോയ് ജോസഫ്, കൈശികി സ്‌പേസ് ഫോർ മോഹിനിയാട്ടത്തിലെ ശ്വേത മംഗലത്ത്, മഘ ട്രേഡേഴ്‌സ് പ്രതിനിധി പ്രകാശ് ബാലസുന്ദരം, ഹാവർഹിൽ മലയാളി അസോസിയേഷൻ ഭാരവാഹികളായ നോബി ജേക്കബ് (പ്രസിഡന്റ്), ഗോവിന്ദ് ബാലഗോപാൽ (സെക്രട്ടറി), പ്രപഞ്ച വെൽനസ് ആയുർവേദയിലെ അഖിൽ സുബ്രഹ്‌മണ്യം, കാംകേരള ക്രിക്കറ്റ് ക്ലബ്ബിലെ ഷെബിൻ എന്നിവരും വിവിധ സംഘടനകളും പ്രദർശനത്തിൽ പങ്കാളികളാകുന്നുണ്ട്.

To advertise here,