ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അടുത്ത ഘട്ടത്തിലേക്ക്. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താത്പര്യം പ്രകടിപ്പിച്ച ഏഴ് ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പട്ടിക അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിച്ചു.

To advertise here,

ഇന്ത്യയെക്കൂടാതെ ജർമനി, ഹംഗറി, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളാണ് 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി രംഗത്തുള്ളത്. താത്പര്യം അറിയിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് കൂടുതൽ രാജ്യങ്ങൾ വരാത്തതിനെത്തുടർന്ന് ഐഒസി ഈ പട്ടിക പുറത്തുവിട്ടത്.

ഇന്ത്യൻ കായിക ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ബിഡ് സമർപ്പിക്കുന്നത്. മുൻപ് 2010-ൽ ന്യൂഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെയുള്ള വലിയ കായികമേളകൾക്ക് ഇന്ത്യ ആതിഥ്യമരുളിയിട്ടുണ്ടെങ്കിലും, ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത് ഇന്ത്യൻ കായികരംഗത്ത് വലിയൊരു നാഴികക്കല്ലായി മാറും.

സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ ആറിനാണ് താത്പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പേരുകൾ ഐഒസി ആദ്യമായി പരസ്യമാക്കിയത്. ഇതിന് ജൂണിൽ ചേർന്ന ഐഒസി സെഷൻ അംഗീകാരം നൽകിയിരുന്നു.

തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി 2026 നവംബറിൽ ഏഴ് രാജ്യങ്ങളും ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുമ്പിൽ വെർച്വൽ പ്രസന്റേഷനുകൾ നടത്തും.