ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളികളുടെ ചിരകാല അഭിലാഷമായ ഡബ്ലിന്‍ - കൊച്ചി വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് ഇനി കാലതാമസമില്ലെന്ന് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയറും ഭരണകക്ഷിയായ ഫിന്‍ഗേല്‍ പാര്‍ട്ടി നേതാവുമായ ബേബി പെരേപ്പാടന്‍ പറഞ്ഞു.

To advertise here,

placeholder
അടുത്തിടെ ബേബി പെരേപ്പാടന്‍ കേരളത്തില്‍ എത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐഎഎസും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ നീക്കത്തിന് നല്ല പിന്തുണയാണ് സിയാല്‍ അധികൃതര്‍ നല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു. 

കൊച്ചിയില്‍ നിന്ന് പ്രതിദിനം 118 യാത്രക്കാരാണ് വിവിധ വിമാന സര്‍വീസുകളില്‍ ഡബ്ലിനിലേക്ക് യാത്ര പുറപ്പെടുന്നത്. ഇതിലേറെ യാത്രക്കാര്‍ ഡബ്ലിനില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളുരു വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് യാത്രതിരിക്കുന്നുണ്ട്. നിലവില്‍ ഇത്തിഹാദ് എയര്‍വേസ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ് എന്നിവയാണ് ഗള്‍ഫ് വഴി ഡബ്ലിനെ കേരളവുമായി ബന്ധിപ്പിക്കുന്നത്. അബുദാബി, ദുബായ്, ദോഹ വഴിയുള്ള യാത്രക്ക് ശരാശരി 14 മണിക്കൂര്‍ വേണ്ടി വരും. അതേ സമയം നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടെങ്കില്‍ 9-10 മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ എത്താം. യാത്രാ നിരക്കുകളിലും കുറവ് വരും. 

ഡബ്ലിനില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നിലവില്‍ വന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള മലയാളികള്‍ക്കും നേട്ടമാകും. ഇപ്പോള്‍ പലരും ബെല്‍ഫാസ്റ്റില്‍ നിന്നും ലണ്ടന്‍ വഴിയാണ് നാട്ടിലേക്ക് പോകുന്നത്.

ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാഡ്വിക്കിലേക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്. ഇതേ മാതൃകയില്‍ എയര്‍ ഇന്ത്യയ്ക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പം നടത്താനാകും. ഇന്ത്യയിലെ അയര്‍ലന്‍ഡ് അംബാസഡര്‍ കെവിന്‍ കെല്ലി ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചതായി ബേബി പെരേപ്പാടന്‍ പറഞ്ഞു. അദ്ദേഹം ഇക്കാര്യം ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിട്ടി (ഡിഎഎ) യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഐറീഷ് വിമാനക്കമ്പനികള്‍ ഒന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നില്ല. പുതിയ ഡെസ്റ്റിനേഷന്‍ തുറന്ന് കിട്ടുന്നത് അവര്‍ക്കും സ്വീകാര്യമാകും.

നവംബര്‍ 29 ന് അയര്‍ലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ തീരുമാനം വൈകാനാണ് സാധ്യത. പുതിയ ഫിന്‍ഗേല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്ന് ബേബി പെരേപ്പാടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.