ഡബ്ലിൻ: അയർലൻഡിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഈ വർഷം യാഥാർത്ഥ്യമായേക്കും. ഡൽഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസുകൾ ആരംഭിക്കാൻ സാധ്യത. ഐറീഷ് ഗവൺമെന്റ് വിവിധ വിമാനക്കമ്പനികളുമായി നടത്തിയ ചർച്ചകളിലെ പുരോഗതി പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്ന് സൗത്ത് ഡബ്ലിൻ മുൻ മേയർ ബേബി പെരേപ്പാടൻ പറഞ്ഞു.
രണ്ട് ഡെസ്റ്റിനേഷനുകളിലേക്കുമുള്ള യാത്രക്കാരുടെ യാത്രാവിവര ശേഖരണത്തിലൂടെ മാത്രമെ നേരിട്ടുള്ള സർവീസ് ആരംഭിക്കാനാകുകയുള്ളുവെന്ന നിലപാടിലാണ് യൂറോപ്യൻ വിമാനക്കമ്പനികൾ. നിലവിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാർ അയർലൻഡിലുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഇത്തിഹാദും എമിറേറ്റ്സും ഖത്തർ എയർവേസുമാണ് നിലവിൽ അയർലൻഡിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്. കേരളത്തിലേക്കുള്ള ഏറ്റവും കുറഞ്ഞ യാത്രാസമയം 14 മണിക്കൂറാണ്. നേരിട്ടുള്ള വിമാന സർവീസ് സാധ്യമായാൽ അഞ്ച് മണിക്കൂറെങ്കിലും ലാഭിക്കാനാകും.
ബേബി പെരേപ്പാടൻ മേയറായിരുന്ന കാലത്താണ് ഗതാഗത മന്ത്രി ഡാരാ ഒബ്രിയാനുമായി ഇതു സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ധാരാളം മലയാളികളുള്ള അയർലൻഡിൽനിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനാണ് ബേബി പെരേപ്പാടൻ സമ്മർദ്ദം ചെലുത്തിയത്. സർവീസിന്റെ ആവശ്യകതയും വാണിജ്യ സാധ്യതകളും ഐറീഷ് ഗവൺമെന്റിന്റെയും ഇന്ത്യ ഗവൺമെന്റിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ), എയർ ഇന്ത്യ തുടങ്ങിയ സേവനദാതാക്കളുമായും ബേബി പെരേപ്പാടൻ ചർച്ച നടത്തിയിരുന്നു.
ഇന്ത്യയും അയർലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാകുന്നത് നേരിട്ടുള്ള വിമാന സർവീസിനുള്ള നീക്കത്തിന്റെ ഗതിവേഗം വർധിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സാമ്പത്തിക കമ്മീഷനും വൈകാതെ യാഥാർത്ഥ്യമായേക്കും. ഐറീഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജെയിംസ് ലോലെസ്, മൈഗ്രേഷൻ മന്ത്രി കോം ബ്രോഫി തുടങ്ങിയവർ അടുത്തകാലത്ത് ഇന്ത്യ സന്ദർശിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ ഇടയാക്കുമെന്ന് ബേബി പെരേപ്പാടൻ ചൂണ്ടിക്കാട്ടി.
Content Highlights: Direct flights from Ireland to India may launch this year
Published: 27 Jan 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented