മുംബൈ: പ്രവാസികൾ ഇന്ത്യയിലേക്ക് പണമയക്കുന്നതു കുറയുന്നു. റിസർവ് ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം നടപ്പു സാമ്പത്തികവർഷം ആദ്യ ആറുമാസക്കാലത്ത് പ്രവാസി നിക്ഷേപത്തിൽ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ 610 കോടി ഡോളറിന്റെ പ്രവാസി നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത്. മുൻവർഷം ഇതേകാലയളവിലിത് 1020 കോടി ഡോളറായിരുന്നു. ഏകദേശം 40.5 ശതമാനമാണ് കുറവ്.

To advertise here,

തുടർച്ചയായി മൂന്നുവർഷം പ്രവാസി നിക്ഷേപം കൂടുകയായിരുന്നു. 2022-ൽ 62.9 ശതമാനം, 2023 -ൽ 90.8 ശതമാനം, 2024 -ൽ 88.1 ശതമാനം എന്നിങ്ങനെയായിരുന്നു വർധന.

പ്രവാസികൾ വിദേശ കറൻസിയിൽ നടത്തുന്ന എഫ്സിഎൻആർ (ബി) പുതിയ നിക്ഷേപത്തിൽ വലിയ കുറവു പ്രകടമാണ്. ഈ വിഭാഗത്തിൽ പുതിയ നിക്ഷേപത്തിൽ 87 ശതമാനം വരെയാണ് ഇടിവ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ പ്രവാസികൾ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുകയായായിരുന്നു. ഇന്ത്യൻ രൂപയിൽ നടത്തുന്ന നിക്ഷേപത്തിൽ വലിയ മാറ്റം പ്രകടമായിട്ടില്ല.

വിദേശത്തെയും ഇന്ത്യയിലെയും പലിശ നിരക്കിലുള്ള വ്യത്യാസം കുറഞ്ഞത് പ്രവാസി നിക്ഷേപം കുറയാൻ കാരണമായി പറയുന്നു. മാത്രമല്ല, ഓഹരി വിപണിയിലേക്ക്‌ ഇവർ നിക്ഷേപം മാറ്റുന്നുണ്ട്. അമേരിക്കയുടെ നയങ്ങളിലുണ്ടായ മാറ്റം അവിടെയുള്ള പ്രവാസികളുടെ നിക്ഷേപരീതിയിൽ മാറ്റമുണ്ടാക്കിയതായും അനലിസ്റ്റ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. തീരുവ ഉയർന്നതോടെ ഇറക്കുമതിച്ചെലവു കൂടിയത് ഉത്പന്ന വിലയെയും ബാധിച്ചു. ഇത് ജീവിതച്ചെലവു കൂട്ടി. ഇതും അമേരിക്കയിൽനിന്നുള്ള പ്രവാസി നിക്ഷേപം കുറയാനിടയാക്കുന്നു.

സെപ്റ്റംബർ വരെയുള്ള എൻആർഐ നിക്ഷേപ കണക്കനുസരിച്ച് 16,590 കോടിയുടെ നിക്ഷേപമാണ് ഇന്ത്യയിൽ ഇവരുടേതായി നിലവിലുള്ളത്. 2024 സെപ്റ്റംബറിലെ 16,162.3 കോടി ഡോളറിനെ അപേക്ഷിച്ച് മൂന്നു ശതമാനത്തിനടുത്തു മാത്രമാണ് വർധന.