റിയാദ്: നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ സെന്റർ ഫോർ എൻവയൺമെന്റൽ കംപ്ലയൻസ് (NCEC) ആണ് നിർമാണ മേഖലകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. പൊടിപടലംമൂലം വായുമലിനീകരണമുണ്ടാക്കുന്ന നിർമാണ പദ്ധതികൾക്ക് ആകെ 2 കോടി സൗദി റിയാൽ പിഴ ചുമത്തുന്നുണ്ട്.
നിർമാണപ്രവർത്തനങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയും റിയാദിലെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് നടപടിയുടെ ലക്ഷ്യം.
റിയാദ് റോയൽ കമ്മിഷന്റെയും റിയാദ് നഗരസഭയുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടത്തുന്നതെന്ന് റിയാദിലെ NCEC ബ്രാഞ്ച് ഡയറക്ടർ ഫവാസ് അൽ മുജ്തഹിൽ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച നടപടിക്രമ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
നിയമലംഘനങ്ങൾ കണ്ടെത്തുകയും അവ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തശേഷമാണ് തുടർ നിയമനടപടികൾ സ്വീകരിക്കുന്നത്. നിർമാണ പദ്ധതികളിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും നിരീക്ഷണം തുടരുന്നുണ്ടെന്നും ഫവാസ് അൽ മുജ്തഹിൽ പറഞ്ഞു.
നിർമാണ മേഖലകളിൽനിന്നുള്ള പൊടിപടലത്തിന്റെ ഉറവിടങ്ങൾ കണ്ടെത്താനും അവ നിയന്ത്രിക്കാനും നിരീക്ഷണ സംവിധാനം സഹായിക്കുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ പരിശോധനയും വിശകലനവും കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ മലിനീകരണമുണ്ടാക്കുന്ന സ്ഥലങ്ങളിലേക്ക് പരിശോധനാ സംഘങ്ങളെ കേന്ദ്രീകരിക്കാനും ഉപയോഗിക്കുന്നു.
റിയാദ് മേഖലയിലെ വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി 12 സ്ഥിരം നിരീക്ഷണകേന്ദ്രങ്ങളും നാല് മൊബൈൽ നിരീക്ഷണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവ 22 തരത്തിലുള്ള വായു ഗുണനിലവാര ഘടകങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.
ഇതിലൂടെ മലിനീകരണത്തിന്റെ തോത് മനസ്സിലാക്കാനും അനുവദനീയമായ മാനദണ്ഡങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും. റിയാദിലെ പ്രധാന നിർമാണ പദ്ധതികളായ ദിരിയ ഗേറ്റ്, അൽ മുറബ്ബ പദ്ധതി എന്നിവയ്ക്ക് സമീപമുള്ള സ്ഥലങ്ങളെ പരിഗണിച്ചാണ് നിരീക്ഷണ കേന്ദ്രങ്ങളുടെ സ്ഥാനം പുനഃക്രമീകരിച്ചിരിക്കുന്നത്.

To advertise here,