മുംബൈ : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ മുംബൈയിൽ ചേർന്ന ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി. ) അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്യാതെ പുതിയ തൊഴിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ത്രികക്ഷി കൂടിയാലോചനാ സമിതിയായ ഇന്ത്യൻ ലേബർ കോൺഫറൻസ് അടിയന്തരമായി വിളിച്ചുചേർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എതിർ ശബ്ദങ്ങളും സമരങ്ങളും അടിച്ചമർത്താനുള്ള സർക്കാർ നടപടി ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, എസ്.ഐ.ആറിന്റെ മറവിൽ 13 കോടിയിലധികം വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ആർ.എം.എം.എസ്. ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ദേശീയ സമ്മേളനം മഹാരാഷ്ട്ര പ്രദേശ് ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ഡോ. കൈലാസ് കദം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറിയും ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ ഡോ. എം.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയ മിൽ മാസ്ദൂർ സംഘ് ജനറൽ സെക്രട്ടറി ഗോവിന്ദ് മൊഹിതെ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി നൈഷാദ് ദേശായി, അംബേദ്‌കർ ലേബർ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജി.ബി. ഗൗഡ, അഖിലേന്ത്യ വൈസ് പ്രസിഡൻറ് എം.കെ. ബീരാൻ, പങ്കജ് ജോഷി, കെ. ഹരീന്ദ്രൻ, വിജയ് സിങ് രഘുവൻശി, രാകേഷ് ബ്രഹ്മഭട്ട്, മോഹൻഭായി ദാബുവാല, രാകേഷ് ശർമ്മ, കെ. പത്മകുമാർ, ഹമീദ് എച്ച്. ദീദ, കെ.സി. അബ്ദുൽ റസാക്ക്, എം. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അഖിലേന്ത്യാ പ്രവർത്തക സമിതിയോഗവും നടന്നു.
Published: 29 Oct 2026, 11:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented