കല്യാൺ: ദീപാവലി പലഹാരങ്ങൾ വിദേശങ്ങളിലുള്ള ബന്ധുക്കൾക്ക് സമ്മാനമായി അയച്ചുകൊടുക്കാൻ തപാൽ വിഭാഗം പ്രത്യേക പാഴ്സൽ സംവിധാനം ഏർപ്പെടുത്തി. ദീപാവലി അടുത്തു വരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ അടക്കം ഇരുന്നൂറോളം വിദേശ രാജ്യങ്ങളിലേക്ക് ഈ പാഴ്സൽ സേവനം ലഭ്യമാക്കാനാണ് തപാൽവിഭാഗം ഉദ്ദേശിക്കുന്നത്.
ദീപാവലിയാഘോഷങ്ങളോടനുബന്ധിച്ച് നഗരത്തിലെ വീടുകളിൽ പരമ്പരാഗതമായി പ്രത്യേകം തയ്യാറാക്കുന്ന കരഞ്ച, ലഡ്ഡു, മുറുക്ക്, ശങ്കർപാളി, ചിവ്ട എന്നിങ്ങനെ വ്യത്യസ്ത രുചികളും സുഗന്ധങ്ങളോടും കൂടിയ വറവു പലഹാരങ്ങൾ വിദേശങ്ങളിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാം. ദീപാവലി ആശംസകളോടൊപ്പം ഗൃഹാതുരത്വമുണർത്തുന്ന ഈ പലഹാരങ്ങൾകൂടി എത്തിച്ചുകൊടുത്ത് ദീപാവലിയുടെ ആഹ്ലാദം പങ്കുവെക്കാൻ സഹായകമാകുന്നതാണ് തപാൽ വിഭാഗത്തിന്റെ പുതിയ പാഴ്സൽ സേവനം. ഈ സേവനത്തിന്റെ ഭാഗമായി 20 കിലോഗ്രാംവരെ തൂക്കമുള്ള പലഹാരങ്ങൾ പാഴ്സൽ ആയി അയക്കാവുന്നതാണ്.
അയക്കുന്ന പലഹാരത്തിന്റെ തൂക്കം, അയക്കേണ്ടുന്ന രാജ്യം എന്നിവ അനുസരിച്ച് പാഴ്‌സൽ ചാർജ് വ്യത്യസ്തമായിരിക്കും.
തപാൽ വിഭാഗത്തിന്റെ വെബ് പോർട്ടൽ സന്ദർശിച്ച് പാഴ്സൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി പണമടച്ചശേഷം അടുത്തുള്ള പോസ്റ്റോഫീസിലെ പോസ്റ്റ്മാൻ വീട്ടിലെത്തി പാർസൽ കൊണ്ടുപോകും. ഇതിനായി ക്ലിക് ആൻഡ് ബുക്ക് എന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജി.പി.ഒ. അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റോഫീസിൽ നേരിട്ട് ചെന്നും പാഴ്സൽ അയക്കാവുന്നതാണ്. ഓൺലൈൻ പാഴ്സൽ ട്രാക്കിങ് സംവിധാനവും ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാണ്.
Published: 28 Oct 2026, 11:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented