നവിമുംബൈ: മുംബൈ-നവി മുംബൈ യാത്രയ്ക്ക് വഴിയൊരുക്കിയ 1973-ലെ പാലം ഉടമസ്ഥാവകാശത്തിലുള്ള തർക്കത്തെത്തുടർന്ന് അവഗണനയിൽ. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കണോ അതോ പൊളിക്കണോ എന്ന് തീരുമാനിക്കാനാകാത്ത സ്ഥിതിയാണുള്ളത്. മുംബൈയിൽനിന്ന് താനെ ക്രീക്ക് കടന്ന് നവി മുംബൈയിലേക്ക് പുതിയ പാലങ്ങളിലൂടെ കുതിക്കുമ്പോൾ, അരികിൽ തുരുമ്പെടുത്ത്, കുറ്റിച്ചെടികളും മങ്ങിപ്പോയ ദിശാസൂചകങ്ങളും ചിതറിയ മാലിന്യവുംകൊണ്ട് ഓർമ്മയുടെ അവശിഷ്ടമായി കിടക്കുകയാണ് പഴയപാലം.
1973-ൽ ഗതാഗതത്തിനായി തുറന്ന താനെ ക്രീക്ക് ബ്രിഡ്ജ്-1 (ടി.സി.സി.-1) (വാഷിയിലെ പഴയ പാലം) പൊതുമരാമത്ത് വകുപ്പ്, മഹാരാഷ്ട്ര റോഡ് വികസന കോർപ്പറേഷൻ (എം.എസ്.ആർ.ഡി.സി.), നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (എൻ.എം.എം.സി.) എന്നീ മൂന്നു സർക്കാർ ഏജൻസികൾക്കിടയിലെ ഉടമസ്ഥാവകാശത്തർക്കത്തിൽ കുടുങ്ങിയാണ് അനാഥാവസ്ഥയിലായത്. പാലത്തിന്റെ പരിപാലനം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.
1959-ൽ എസ്.ജി. ബാർവെയുടെ നേതൃത്വത്തിലുള്ള ഗ്രേറ്റർ ബോംബെ പഠനസംഘമാണ് താനെ ക്രീക്കിന് കുറുകെ മുംബൈയെയും നവിമുംബൈയെയും ബന്ധിപ്പിക്കുന്ന റെയിൽ-റോഡ് പാലം നിർമിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്.
മുംബൈ ഒരു ദ്വീപ് നഗരമായതിനാൽ പാലം നിർമിക്കുന്നതിനുമുൻപ് നവിമുംബൈയിൽനിന്ന് റോഡുമാർഗം ഇവിടെയെത്തണമെങ്കിൽ താനെ വഴി ചുറ്റിവരേണ്ടി വന്നിരുന്നു. 1960-കളിൽ നവി മുംബൈ എന്ന ആസൂത്രിതനഗരത്തിന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ പാലം വീണ്ടും ചർച്ചയായി.
ആർക്കിടെക്ട് ചാൾസ് കൊറിയ, സ്ട്രക്ചറൽ എൻജിനിയർ ഷിരീഷ് പട്ടേൽ, ആർക്കിടെക്ട് പ്രവീണ മേത്ത എന്നിവർ പുതിയ നഗരത്തിന്റെ രൂപകല്പനയിൽ പങ്കാളികളായി. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പദ്ധതി വൈകിച്ചു. ഒടുവിൽ, 1973-ൽ 1.8 കിലോമീറ്റർ രണ്ടുവരിപ്പാലം യാഥാർഥ്യമായി.
കടലിടുക്കിലെ ഉപ്പുവെള്ളം പാലത്തിന്റെ ഘടനയെ ബാധിച്ചതോടെ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് വലിയ അറ്റകുറ്റപ്പണികൾ ആവശ്യമായിവന്നു. നവി മുംബൈയുടെ വികസനവും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും കണക്കിലെടുത്ത് 1997 -ൽ ആറു വരികളോടുകൂടിയ താനെ ക്രീക്ക് ബ്രിഡ്ജ്-2 (ടി.സി.ബി.-2) തുറന്നു. തുടർന്ന് പ്രധാന ഗതാഗതം ഈ പാലത്തിലേക്കു മാറി. ഘടനാപരമായ തകരാറുകളുണ്ടായിരുന്ന പഴയപാലം അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള ബദൽ മാർഗമായി നിലനിർത്തി. 2010-ഓടെ അതും നിർത്തിവെച്ചു.
തിരക്കേറി, വീണ്ടും പുതിയ പാലം
ആറുവരിയുള്ള രണ്ടാം പാലത്തിലും ഗതാഗതത്തിരക്ക് കൂടിയതോടെ 2020-ൽ മൂന്നാം പാലത്തിന്റെ നിർമാണം തുടങ്ങി. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് സൗകര്യങ്ങളൊരുക്കാൻ ആദ്യപാലം ഉപയോഗിച്ചു. ഇതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ പഴയപാലത്തിന്റെ അടിത്തറയ്ക്കും കോൺക്രീറ്റിനുള്ളിലെ സ്റ്റീൽ കേബിളുകൾക്കും ബലക്ഷയമുണ്ടെന്നു കണ്ടെത്തി. തുടർന്ന് പാലത്തിന്റെ പുറംഭാഗത്തുകൂടി പുതിയ സ്റ്റീൽ കേബിളുകളിട്ടാണ് നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. മൂന്നാം പാലം 2025-ൽ തുറന്നതോടെ ഈ ഭാഗത്ത് 12 വരി പാലമാണ് ഇപ്പോഴുള്ളത്.
അവകാശത്തർക്കം
മൂന്നാംപാലത്തിന്റെ നിർമാണം പൂർത്തിയായതോടെ 2025 നവംബറിൽ എം.എസ്.ആർ.ഡി.സി. മാനേജിങ് ഡയറക്ടർ അനിൽകുമാർ ഗായക്വാഡ് ഒന്ന്, രണ്ട് പാലങ്ങളുടെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിനായതിനാൽ പരിപാലനവും അറ്റകുറ്റപ്പണിയും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകി. എന്നാൽ, ഇതിനകം പഴയ പാലങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഭാഗം പി.ഡബ്ല്യു.ഡി. പിരിച്ചുവിട്ടിരുന്നു.
ഇതിനിടെ, 2025 നവംബർ 20-ന് എം.എസ്.ആർ.ഡി.സി.യുടെ കീഴിലുള്ള ചില റോഡുകൾ, മേൽപ്പാലങ്ങൾ, പാലങ്ങൾ എന്നിവ അവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് കൈമാറണമെന്നു കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവുപ്രകാരം ടി.സി.ബി.-1, ടി.സി.ബി.- 2 പാലങ്ങൾ എൻ.എം.എം.സി.ക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ, ഉത്തരവിറങ്ങി ഏകദേശം ഒരുവർഷമാകുമ്പോഴും കൈമാറ്റം പൂർത്തിയായിട്ടില്ല.
പാലങ്ങൾ സയൺ-പൻവേൽ ഹൈവേയുടെ ഭാഗമാണെന്നും പാലത്തിന്റെ ഒരറ്റം നവിമുംബൈയിലെ വാഷിയിലും മറ്റേ അറ്റം മുംബൈയിലെ മാൻഖുർദിലുമാണ് അവസാനിക്കുന്നത്. അതുകൊണ്ട് പാലങ്ങൾ മുഴുവനായി അധികാരപരിധിയിൽ വരില്ലെന്നാണ് എൻ.എം.എം.സി.യുടെ വാദം.
ഈ പാലങ്ങളിൽനിന്നുള്ള ടോൾ-പരസ്യ വരുമാനം എം.എസ്.ആർ.ഡി.സി.ക്കാണ്. അതുകൊണ്ട് പാലങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ബാധ്യതമാത്രം ഏറ്റെടുക്കുന്നതെന്തിനാണെന്ന ചോദ്യവും ഇവരുന്നയിക്കുന്നു.
പാലം അറ്റകുറ്റപ്പണി നടത്തി വീണ്ടും ഗതാഗതത്തിനായി തുറക്കുകയോ മുംബൈ-നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ ഇടനാഴിക്കായി ഉപയോഗപ്പെടുത്തുകയോ ചെയ്യാമെന്ന നിർദേശങ്ങളുയരുന്നുണ്ട്. എന്നാൽ, പാലത്തിനു ബലക്ഷയമുള്ളതിനാൽ എൻജിനിയർമാർ ഈ സാധ്യത തള്ളുകയാണ്. മെട്രോയ്ക്കായി പാലം പുനരുപയോഗിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധാഭിപ്രായം.
Published: 28 Oct 2026, 11:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented