മുംബൈ : ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി കൽവയിൽ കമ്യൂണിറ്റി ഹെൽത്ത് ക്ലിനിക് ആരംഭിച്ചു. റോട്ടറി ക്ലബ് ഓഫ് ഡോംബിവിലി നോർത്തിന്റെ ചാർട്ടർ പ്രസിഡന്റ് റോട്ടേറിയൻ ഡോ. ഉമ്മൻ ഡേവിഡിന്റെ പേരിൽ ക്ലിനിക് സമർപ്പിച്ചു. റോട്ടറി ക്ലബ് ഓഫ് ഡോംബിവിലി നോർത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് ഒരുക്കിയത്.

To advertise here,

ഡോംബിവിലി ഈസ്റ്റിൽ നടന്ന ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3142 ഗവർണർ ഡോ. നിലെഷ് ജയന്ത്, കല്യാൺ ഡോംബിവിലി മുനിസിപ്പൽ കോർപ്പറേറ്റർ ഹർഷൽ മോറെ, റോട്ടറി ക്ലബ് ഓഫ് ഡോംബിവിലി നോർത്ത് പ്രസിഡന്റ് മായ സാവന്ത്, പ്രോജക്ട് ചെയർ റോട്ടേറിയൻ വിരുപാക്ഷ് റാണെ ബെന്നൂർ എന്നിവരും സന്നിഹിതരായിരുന്നു. ട്രാൻസ്ജെൻഡറുകൾ, ലൈംഗികത്തൊഴിലാളികൾ, മറ്റ് പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കായി ആരോഗ്യപരിശോധന, പതിവ് ചെക്കപ്പുകൾ, രോഗനിർണയ പരിശോധനകൾ, കൗൺസലിങ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാക്കും. രോഗികളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിച്ചുകൊണ്ടുള്ള ആരോഗ്യപരിചരണമാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യപരിചരണം എല്ലാവരുടെയും അടിസ്ഥാന അവകാശമാണെന്നും ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ ആരോഗ്യസേവനം തേടുമ്പോൾ തടസ്സങ്ങളും വിവേചനവും നേരിടുന്നുണ്ടെന്നും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. നിലെഷ് ജയന്ത് പറഞ്ഞു. ഭയമോ മടിയോ കൂടാതെ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്ന സുരക്ഷിത ഇടങ്ങളായി ഈ ക്ലിനിക്കുകൾ മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയാണ് ക്ലീനിക്കിന്റെ ലക്ഷ്യമെന്ന് ഡോ. ഉമ്മൻ ഡേവിഡ് വ്യക്തമാക്കി.