മീരാറോഡ് : ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്-ദഹിസർ-ഭയന്ദർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.എം.എസ്. മാരത്തൺ 2026 സംഘടിപ്പിച്ചു. ഒട്ടേറെ പേർ പങ്കെടുത്തു. ആരോഗ്യസംരക്ഷണം, കായികക്ഷമത, ഐക്യം, മാനവികത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്.

To advertise here,

മീരാ റോഡ് ജോഗേഴ്‌സ് പാർക്കിൽനിന്ന് രാവിലെ 6.30-ന് ആരംഭിച്ച മാരത്തൺ എസ്.എൻ.എം.എസ്. ഹാളിൽ സമാപിച്ചു. മൂന്ന് കിലോമീറ്റർ ഓട്ടം, മൂന്ന് കിലോമീറ്റർ നടത്തം, അഞ്ച് കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്.

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് മീരാറോഡിലെ തെരുവുകളിലൂടെ നടന്ന മാരത്തൺ ഐക്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു. ഗുരുദേവന്റെ ദർശനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും പരിപാടിയിലൂടെ സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു. അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ വിക്രം കൃഷ്ണ ആംതെ ഒന്നാം സ്ഥാനവും ശ്രിയാൻഷ് കരിപ്പൊപ്പയിൽ രണ്ടാം സംസ്ഥാനവും അശോക് ശുക്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മൂന്ന് കിലോമീറ്റർ ഓട്ടത്തിൽ സച്ചു ബിനു ഒന്നാം സ്ഥാനവും സ്വരിത് ശർമ രണ്ടാം സ്ഥാനവും പ്രഥമേഷ് സാവന്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.