നവരാത്രിമാഹാത്മ്യം
അധർമത്തിനും ആസുരികതയ്ക്കുംമേൽ ദേവി നേടുന്ന വിജയങ്ങളാണ് നവരാത്രി ആഘോഷങ്ങളിൽ നിറയുന്ന വൈവിധ്യമാർന്ന കഥകളുടെ അന്തഃസത്ത. അജ്ഞത, അഹന്ത, അധികാരദുർവിനിയോഗം, അധാർമികത എന്നിവയുടെ ആസുരികഭാവങ്ങൾക്കുനേരേയാണ് ദേവി യുദ്ധം പ്രഖ്യാപിക്കുന്നത്.
അറിവിന്റെയും സംരക്ഷണത്തിന്റെയും പ്രബുദ്ധതയുടെയും പ്രതീകമാണ് ദേവിയുടെ ഖഡ്ഗം. അത് കേവലം സംഹാരത്തിന്റെ ആയുധമല്ല; അധർമത്തെ പ്രതിരോധിക്കാനും നീതിയെ സംരക്ഷിക്കാനുമുള്ള വിവേകത്തിന്റെയും ധാർമികശക്തിയുടെയും പ്രതീകംകൂടിയാണ്.
ആത്മവീര്യത്താൽ അപരാജിതയാണ് ദേവി. ലോകത്തിന്റെ അധീശത്വം തന്റേതാവണമെന്നും താൻ അമരനാവണമെന്നും കൊതിച്ച ആസുരികഭാവത്തിന്റെ പ്രതീകമാണ് മഹിഷാസുരൻ. സ്ത്രീകളാൽ മാത്രമേ താൻ വധിക്കപ്പെടാവൂ എന്ന വരബലത്തിൽ അഹങ്കരിച്ച മഹിഷൻ ലോകത്തിനാകെ ഭീഷണിയായി വിഹരിച്ചു.
സ്ത്രീയെ അബല എന്ന് ധരിക്കുകയും ഒരു സ്ത്രീക്കും തന്നോട് എതിരിടാനുള്ള കരുത്തില്ലെന്ന അഹന്തയോടെ അവൻ ലോകത്തെയാകെ വെല്ലുവിളിച്ചു. ഒടുവിൽ അവന്റെ അഹങ്കാരവും അധീശത്വമോഹവും തകർന്നടിയുന്നു.
ഈ സങ്കല്പം കേവലം ഒരു പുരാണയുദ്ധത്തിന്റെ ആവിഷ്കാരമല്ല. സ്ത്രീയെ ദുർബലയായി കാണുകയും അവളുടെ ആത്മവീര്യത്തെയും സ്വത്വത്തെയും നിന്ദിക്കുകയും ചെയ്യുന്ന ആസുരികമനോഭാവത്തോടുമുള്ള ശക്തമായ പ്രഖ്യാപനമാണത്.
സംസ്കാരത്തെ ചലനാത്മകവും ജീവസ്സുറ്റതുമാക്കി നിലനിർത്തി പുരോഗതിയിലേക്ക് നയിക്കുന്നത് അറിവാണ്. സ്വത്വബോധവും ആത്മാഭിമാനവുമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കും അറിവ് അനിവാര്യമാണ്.
നവരാത്രി ആഘോഷങ്ങൾ ആത്മപരിശോധനയുടെയും ആത്മസംസ്കരണത്തിന്റെയും ജാഗരണത്തിന്റെയും കാലം കൂടിയാണ്. നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അഹന്തയെയും അസൂയയെയും സ്വാർഥതയെയും അജ്ഞതയെയും തിരിച്ചറിയാനും അവയെ അതിജീവിക്കാനുമുള്ള ആത്മീയാവസരമാണത്.
സാധനയിലൂടെ സ്വയം സംസ്കരിച്ചും ജാഗരണത്തിന്റെ തപശ്ചര്യകളിലൂടെ ആത്മവീര്യം ആർജിച്ചും കാലത്തിന്റെ ഇരുളിടങ്ങളിൽ അറിവിന്റെ അക്ഷയദീപങ്ങൾ തെളിച്ചുവെക്കാം. അങ്ങനെ, ദേവീശക്തിയുടെ ധാർമികവും ജ്ഞാനാത്മകവുമായ പ്രകാശം വ്യക്തിയിലും സമൂഹത്തിലും ഒരുപോലെ പ്രസരിക്കട്ടെ.
Published: 13 Oct 2026, 12:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented