മുംബൈ : യാത്രക്കാരെ ഭീതിയിലാഴ്ത്തി കൊങ്കൺ റെയിൽ പാതയിൽ മോഷണപരമ്പര തുടരുന്നു. മുംബൈ എൽ.ടി.ടി. - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ (22113 ) യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ ഹാൻഡ് ബാഗാണ് അവസാനമായി മോഷണം പോയത്. രത്നഗിരിയിൽ സ്ഥിരതാമസമാക്കിയ ഷാജു മോൻ, ഭാര്യ ഷൈനി, മകൻ ജിയോ എന്നിവർ എറണാകുളത്തേക്ക് പോകവേ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരുടെ ബാഗ് മോഷണം പോയത്.
ചൊവ്വാഴ്ച രാത്രി 11.30-നാണ് ഇവർ രത്നഗിരിയിൽനിന്ന് ട്രെയിനിൽ കയറിയത്. ഉറങ്ങുന്നതിനിടെയാണ് ഷൈനിയുടെ ഹാൻഡ് ബാഗ് മോഷണം പോയത്.
28 -നു പുലർച്ചെ വണ്ടി മഡ്ഗാവിൽ എത്തിയപ്പോഴാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. മൊബൈൽ ഫോൺ, 3,000 രൂപ, എ.ടി.എം. കാർഡ്, വെള്ളിയുടെ നെക്ലേസ് എന്നിങ്ങനെ ബാഗിലുണ്ടായിരുന്നു. ഏകദേശം 25,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സംഭവത്തെ തുടർന്ന് ആദ്യം റെയിൽ മദദ് വഴി പരാതി നൽകി. തുടർന്ന് കാർവാറിൽ വച്ച് ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. മേൽനടപടികൾക്കായി പിന്നീട് എറണാകുളം സ്റ്റേഷനിലും പരാതി നൽകി. അതേസമയം, എറണാകുളത്ത് പരാതി നൽകാൻ പോയപ്പോൾ ട്രെയിനുകളിൽ മോഷണത്തിന് ഇരയായ ഒട്ടേറെ പേരെ കാണാൻ കഴിഞ്ഞതായി മകൻ ജിയോ പറഞ്ഞു. മൊബൈൽ ഫോണും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടവരെയാണ് അവിടെ കണ്ടതെന്നും ജിയോ കൂട്ടിച്ചേർത്തു. കൊങ്കൺ പാതയിൽ രണ്ടു മാസക്കാലയളവിൽ ഒട്ടേറെ മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഇതുയർത്തുന്നത്. ട്രെയിനുകളിൽ നിരന്തരമുണ്ടാകുന്ന മോഷണങ്ങളിൽ മിക്കപ്പോഴും ഇരകളാകുന്നത് സ്ത്രീകളാണ്.
Published: 31 Oct 2026, 12:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented