മുംബൈ : വ്യക്തിപരമായ പ്രശസ്തിയല്ല മറിച്ച് പൊതുജനാരോഗ്യമാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ നടപടികൾ സ്വീകരിച്ചതിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ മഹാരാഷ്ട്ര എഫ്.ഡി.എ. കമ്മിഷണർ തുക്കാറാം മുണ്ടെ പറഞ്ഞു. ഭക്ഷ്യസുരക്ഷാ നടപടികളെത്തുടർന്ന് ഒരു സെലിബ്രിറ്റിപദവി ലഭിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ-മരുന്നുമേഖല പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മേഖലകളാണ്. നമ്മുടെ മനുഷ്യവിഭവശേഷി ആരോഗ്യകരമല്ലെങ്കിൽ നമുക്കൊരു സൂപ്പർപവറായി മാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ചുമതലയേറ്റതിനുശേഷം ഭക്ഷ്യസുരക്ഷാപ്രകാരം 12,083 സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 5,269 സ്ഥാപനങ്ങൾക്ക് നിലവാരം മെച്ചപ്പെടുത്താൻ നോട്ടീസ് നൽകി. 603-സ്ഥാപനങ്ങൾക്കെതിരേ സസ്പെൻഷൻ ഉത്തരവുകളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫാർമസികളുടെ കാര്യത്തിൽ, നിയമലംഘനങ്ങൾ നടത്തിയതിന് 740 ലൈസൻസുകൾ റദ്ദാക്കുകയോ താത്ക്കാലികമായി നിർത്തിവെയ്ക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് എഫ്.ഡി.എ. കമ്മിഷണറായി നിയമിതനായതെന്നും ഇത് തന്റെ 21 വർഷത്തെ സേവനത്തിലെ 25-ാമത്തെ സ്ഥലംമാറ്റമാണെന്നും വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
റസ്റ്ററന്റുകളിൽ സാധാരണമായി കണ്ട മൂന്നുഭക്ഷ്യ സുരക്ഷാലംഘനങ്ങൾ ശുചിത്വമില്ലായ്മ, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ, പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവം എന്നിവയാണ്.
ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ടോ എന്ന ചോദ്യത്തിന് അവർ നിയമപ്രകാരം ഭക്ഷ്യബിസിനസ് ഓപ്പറേറ്റർമാരാണെന്ന് അദ്ദേഹം പറഞ്ഞു. അവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപ്ല കേസ് എഫ്.ഡി.എ. കൈകാര്യം ചെയ്തതിനെ ബോംബെ ഹൈക്കോടതി വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. പുണെ യൂണിറ്റിലെ സംഭരണത്തിലും അതിന്റെ പ്രവർത്തനത്തിലും ക്രമക്കേടുകൾ കണ്ടെത്തിയതിനാലാണ് സിപ്ലയുടെ ലൈസൻസ് റദ്ദാക്കിയത്. കോടതിയുടെ വിമർശനം ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. നിയമപ്രകാരമാണ് മുന്നോട്ടുപോകുന്നത്. നടപടിക്രമങ്ങളിൽ പിശകുകളുണ്ടെങ്കിൽ അത് ഗൗരവമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published: 07 Sept 2026, 12:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented