കഞ്ചിക്കോട് : ‘‘രോഗിയായ ഭർത്താവിനെയും കൂട്ടി ആശുപത്രിയിൽപ്പോയി തിരികെ എത്തിയപ്പോൾ കണ്ടത് വീടുമുഴുവൻ അഴുക്കുവെള്ളത്തിൽ മുങ്ങിനിൽക്കുന്ന കാഴ്ചയാണ്. ഇനി എവിടെ കിടന്നുറങ്ങുമെന്ന ആശങ്കയാണ്.’’ കഞ്ചിക്കോട് നായർത്തറയിലെ ആർ. ബീന പറഞ്ഞത് ഒരുദിവസത്തെ മഴ പ്രദേശത്തുയർത്തിയ ആശങ്കയാണ്.

To advertise here,

 

അടച്ചുറപ്പുള്ള സ്വന്തം വീടിനുള്ളിൽ, മുട്ടിനുമുകളിൽ അഴുക്കുവെള്ളവുമായി കഞ്ചിക്കോട് നായർത്തറയിലെ കുടുംബങ്ങൾ പ്രയാസപ്പെടുകയാണ്. കനത്തമഴയിൽ പ്രദേശത്തെ നിരവധി വീടുകളിലും ഇടവഴികളിലുമാണ് വെള്ളംകയറിയത്. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയുമാണ് തങ്ങളുടെ ജീവിതം വെള്ളത്തിലാക്കിയതെന്ന് നാട്ടുകാർ പറയുന്നു.

വീട്ടിനകത്ത് ഇത്തരത്തിൽ വെള്ളംകയറുന്നത് ജീവിതത്തിൽ ആദ്യത്തെ അനുഭവമാണെന്നും അഴുക്കുവെള്ളമാണ് ഇരച്ചുകയറി വന്നതെന്നും പ്രദേശത്തെ എൻ. ഷൈനി പറഞ്ഞു.

 

റോഡുപണി തുടങ്ങിയതോടെ വെള്ളം ഒഴുകിപ്പോകേണ്ട അഴുക്കുചാലുകളിൽ മണ്ണടിഞ്ഞ് അടഞ്ഞുപോയതാണ് ദുരിതത്തിന് കാരണമായത്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ നായർത്തറ വരെയുള്ള പ്രദേശത്തെ വീടുകളിലാണ് അഴുക്കുവെള്ളം ഇരച്ചുകയറിയെത്തിയത്. അത്യാവശ്യ കാര്യങ്ങൾക്കായി ആശുപത്രിയിൽ പോകേണ്ടവർപോലും കാൽമുട്ടിനുമുകളിലുള്ള അഴുക്കുവെള്ളത്തിലൂടെ നടന്നാണ് മറുകര കടക്കുന്നത്.

അഴുക്കുചാൽ മണ്ണടിഞ്ഞതോടെയാണ് വെള്ളം വീടുകളിലേക്ക്‌ ഒഴുകിയെത്തിയതെന്നും ദേശീയ പാതാ നവീകരണത്തിനായെടുത്ത മണ്ണെല്ലാം അഴുക്കുചാലിലാണ് വന്നടിഞ്ഞതെന്നും പ്രദേശവാസിയായ എ. ഷാനവാസ് പറഞ്ഞു.

സർവീസ് റോഡിലെ മണ്ണുകുതിർന്നുണ്ടായ വലിയകുഴികളിൽ കാലുകുടുങ്ങി ദിനംപ്രതി ഒട്ടേറെ പേർക്ക് പരിക്കേൽക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയപാതാ നിർമാണത്തൊഴിലാളികളെ വിളിച്ച് അഴുക്കുചാലിലെ മണ്ണ് നീക്കം ചെയ്തതോടെയാണ് വെള്ളമിറങ്ങിയത്.​ ദിവസങ്ങൾക്കുമുൻപ്, ദേശീയപാതാപണി നടക്കുന്ന കുഴിയിൽവീണ് കാലിന് പരിക്കേറ്റ് പ്ലാസ്റ്ററിട്ട് കിടപ്പിലാണെന്നും വീട്ടിനുള്ളിലേക്ക് വെള്ളംകയറിവന്നപ്പോൾ കട്ടിലിൽനിന്നിറങ്ങാൻപോലും കഴിയാതായെന്നും എം. ഹസ്നയും പറഞ്ഞു.