ദാദാസാഹേബ് ഫാൽകെ പുരസ്‌കാരം

To advertise here,

ബെംഗളൂരു: കേരളത്തിന്റെ സംഗീത പ്രതിഭയും തിരുവിതാംകൂർ മഹാരാജാവുമായിരുന്ന സ്വാതിതിരുനാളിന്റെ സങ്കീർണവും വൈകാരികവുമായ ജീവിതം അഭ്രപാളികളിൽ അനശ്വരമാക്കിയ അഭിനയപ്രതിഭയാണ് ഇത്തവണ ദാദാസാഹേബ് പുരസ്കാരത്തിലൂടെ ആദരിക്കപ്പെട്ട അനന്ത് നാഗ്.

സ്വാതിതിരുനാളിന്റെ ജീവിതത്തിന്റെ പകർന്നാട്ടമാണ് അനന്ത് നാഗിലൂടെ സിനിമയിൽ കണ്ടത്. ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ മലയാളത്തിലെ മികവുറ്റ ഒരു ക്ലാസിക് ചിത്രമായി സ്വാതിതിരുനാൾ മാറി. ഈ ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ലബ്ധപ്രതിഷ്ഠനേടാൻ അനന്ത് നാഗിനായി.

1987-ലാണ് സ്വാതിതിരുനാൾ ഇറങ്ങിയത്. 1980-ൽ ഇറങ്ങിയ അനന്ത് നാഗിന്റെ ‘നാരദ വിജയ’ എന്ന സിനിമ മലയാളത്തിൽ ഡബ്ബ് ചെയ്ത് എത്തിയിരുന്നു. ഇതിലൂടെ അനന്ത് നാഗിന് മലയാള സിനിമാ പ്രേക്ഷകരിലേക്കെത്താനായി. ചിത്രം മികച്ച പ്രദർശനവിജയം നേടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സംവിധായകൻ ലെനിൻ രാജേന്ദ്രനും ഛായാഗ്രാഹകൻ മധു അമ്പാട്ടും സ്വാതിതിരുനാളിൽ അഭിനയിക്കാനായി അനന്ത് നാഗിനെ സമീപിച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. സ്വാതി തിരുനാളിന്റെ രൂപഭാവങ്ങൾ അനന്ത് നാഗിൽ സന്നിവേശിപ്പിക്കാൻ ലെനിൻ രാജേന്ദ്രന് കഴിഞ്ഞതായി സിനിമ കാണുന്നവർക്ക് ബോധ്യപ്പെടും. നടനും സംവിധായകനുമായ വേണുനാഗവള്ളിയായിരുന്നു അനന്ത് നാഗിനുവേണ്ടി സ്വാതിതിരുനാളിന്റെ ശബ്ദം നൽകിയത്. ശ്രീവിദ്യ, നെടുമുടി വേണു, മുരളി, അംബിക, രഞ്ജിനി എന്നിവരും സ്വാതിതിരുനാളിൽ അനന്ത് നാഗിനൊപ്പമുണ്ടായിരുന്നു.

1948-ൽ ഉത്തര കന്നഡയിലെ ഭട്‌കൽ താലൂക്കിലുള്ള ഷിരാലിയിലാണ് അനന്ത് നാഗ് ജനിച്ചത്. നാടകവേദിയിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശനം. 1973-ൽ സങ്കല്പ എന്ന സിനിമയാണ് ആദ്യ ചിത്രം. കന്നഡ സിനിമയിലാണ് അനന്ത് നാഗ് നിറഞ്ഞു നിന്നത്. ഹിന്ദി, തെലുഗു സിനിമകളിലും അഭിനയിച്ചു.

അഞ്ചു പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിനിടെ 270-ഓളം സിനിമകളിൽ അഭിനയിച്ചു. നാലുതവണ മികച്ച നടനുള്ള കർണാടക സംസ്ഥാന പുരസ്കാരം നേടി. ഏഴുതവണ ഫിലിം ഫെയർ പുരസ്കാരവും സ്വന്തമാക്കി.

2011-12-ൽ ആജീവനാന്ത പുരസ്കാരമായ ഡോ. വിഷ്ണുവർധൻ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. കഴിഞ്ഞ വർഷം പദ്മഭൂഷൻ പുരസ്കാരം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

കർണാടകരാഷ്ട്രീയത്തിലും അനന്ത് നാഗ് അടുത്തകാലം വരെ സജീവമായിരുന്നു. 1996-ലെ ജെ.എച്ച്. പാട്ടീൽ മന്ത്രിസഭയിൽ ബെംഗളൂരു വികസനത്തിന്റെ ചുമതല വഹിച്ച മന്ത്രിയാണ്. ജനതാദൾ എസ്. നേതാവായിരുന്നു. 2023-ൽ അദ്ദേഹം ബി.ജെ.പി.യിൽ ചേരുന്നെന്ന പ്രചാരണമുണ്ടായെങ്കിലും നടന്നില്ല. ബി.ജെ.പി. സംഘടിപ്പിച്ച പരിപടിയിൽ അദ്ദേഹം എത്താതിരുന്നതിനെത്തുടർന്ന് റദ്ദാക്കുകയായിരുന്നു.