മുംബൈ : മഴക്കാലത്ത് പകർച്ചവ്യാധികൾ പെരുകി. 13,000-ത്തിലധികം ഡെങ്കി, മലേറിയ, ചിക്കുൻഗുനിയ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പറയുന്നു. സംസ്ഥാന എപ്പിഡെമിയോളജി വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് വരെ 7299 ഡെങ്കിപ്പനിക്കേസുകളും 4810 മലേറിയ കേസുകളും 1205 ചിക്കുൻഗുനിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ, ഗഡ്ചിരോളി ജില്ലയിൽമാത്രം മലേറിയമൂലം ഒൻപത് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ധുലെ, ജൽഗാവ്, പർഭാനി, ഗഡ്ചിരോളി എന്നിവിടങ്ങളിൽ ഡെങ്കിപ്പനിമൂലം നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 7299 ഡെങ്കിക്കേസുകളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലാണ് (ബി.എം.സി.)- 2058 കേസുകൾ.
തൊട്ടുപിന്നാലെ പുണെ മുനിസിപ്പൽ കോർപ്പറേഷനിൽ (പി.എം.സി.) 1435 കേസുകളും താനെ മുനിസിപ്പൽ കോർപ്പറേഷനിൽ (ടി.എം.സി.) 524 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലേറിയ കേസുകൾ സംസ്ഥാനത്ത് 4890 എണ്ണം റിപ്പോർട്ട് ചെയ്തു. മുംബൈ മേഖലയിൽ 1380 കേസുകളും റായ്ഗഢിൽ 448 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചിക്കുൻഗുനിയ കേസുകൾ 1205 ആയി. പാൽഘർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (299) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ പുണെ റൂറലിൽ 142 കേസുകളും പുണെ മുനിസിപ്പൽ കോർപ്പറേഷൻ (പി.എം.സി.) പ്രദേശത്ത് 90 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് പുണെ. ഇവിടെ 1435 ഡെങ്കിക്കേസുകളും 90 ചിക്കുൻഗുനിയ കേസുകളും 81 മലേറിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മലേറിയ പരിശോധനയ്ക്കായി 89 സെന്ററുകളും ഡെങ്കി, ചിക്കുൻഗുനിയ പരിശോധനയ്ക്കായി 50 സെന്ററുകളും സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ തിരിച്ചറിയുന്നതിനായി സർവേകളും നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Published: 16 Sept 2026, 11:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented