* 11.05 രൂപയുടെ ഐ.വി. സെറ്റിന് 325 രൂപ

To advertise here,

6.75 രൂപയുടെ സിറിഞ്ചിന് 57.20 രൂപ

29.41 രൂപയുടെ കത്തീറ്ററിന് 310 രൂപ

മുംബൈ : ആശുപത്രികളിൽ ചികിത്സാഉപകരണങ്ങളുടെ പേരിൽ രോഗികളെ പിഴിയുന്നതായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) കമ്മിഷൻ. ചില മെഡിക്കൽ ഉപകരണങ്ങൾക്ക് വ്യാപാര വിലയേക്കാൾ നൂറുശതമാനം അധികമാണ് എം.ആർ.പി.യെന്നും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ.) കമ്മിഷണർ തുകാറാം മുണ്ടെ പറഞ്ഞു.

സംസ്ഥാനത്ത് ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉത്പന്നങ്ങളുടെ വില സംബന്ധിച്ച് നടത്തിയ പരിശോധനയിലെ വിവരങ്ങളാണ് മുണ്ടെ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചത്. വ്യാപാരവിലയും പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന എം.ആർ.പിയും തമ്മിൽ വലിയ വ്യത്യാസമുള്ളതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

11.05 രൂപയായിരുന്നു ഒരു ഐ.വി. ഇൻഫ്യൂഷൻ സെറ്റിന്റെ വ്യാപാരവില. ആശുപത്രിക്കാർ ഇടാക്കുന്നത് അതിൽ രേഖപ്പെടുത്തിയ എം.ആർ.പി. 325 രൂപയാണ്. 6.75 രൂപയ്ക്ക് വാങ്ങിയ സിറിഞ്ചിന്റെ എം.ആർ.പി. 57.20 രൂപയും 29.41 രൂപയ്ക്ക് വാങ്ങിയ കത്തീറ്ററിന്റെ എം.ആർ.പി. 310 രൂപയുമായിരുന്നു. ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട ഇത്തരം ഉത്പന്നങ്ങളുടെ വില താരതമ്യം ചെയ്യാനോ മറ്റൊന്ന് തിരഞ്ഞെടുക്കാനോ രോഗികൾക്ക് കഴിയില്ല. അതിനാൽ തങ്ങൾക്കായി ഉപയോഗിക്കുന്ന ഉത്പന്നത്തിന്റെ യഥാർഥവില രോഗികൾക്ക് അറിയാനാവുന്നില്ല.

നിർമാതാക്കളും വിതരണക്കാരും ഉൾപ്പെടുന്ന വിതരണശൃംഖലയിൽ നിശ്ചയിക്കുന്ന എം.ആർ.പി. ആശുപത്രികൾക്ക് ഉത്പന്നം ലഭിക്കുന്ന വ്യാപാരവിലയിൽനിന്ന് വലിയതോതിൽ വ്യത്യാസപ്പെടുന്നു. ഇതിന് വ്യക്തമായ വിശദീകരണമില്ല. വ്യാപാരവിലയും പ്രഖ്യാപിച്ച എം.ആർ.പിയും തമ്മിൽ അനുവദിക്കാവുന്ന വ്യത്യാസം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം കൊണ്ടുവരണമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസിനോടും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയോടും (എൻ.പി.പി.എ.) ശുപാർശ ചെയ്തതായി മുണ്ടെ അറിയിച്ചു. ഉത്‌പന്നങ്ങളുടെ വില സംബന്ധിച്ച് രോഗികൾക്ക് കൂടുതൽ വ്യക്തത നൽകാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.