പുട്ടപർത്തി : സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സ്വർണരഥ ഘോഷയാത്ര വർണാഭമായി. ഏഴുകുതിരകളെ പൂട്ടിയ രഥത്തിൽ സത്യസായി ബാബയുടെ ഛായാചിത്രം വഹിക്കുന്ന സ്വർണരഥമായിരുന്നു ഘോഷയാത്രയിലെ മുഖ്യ ആകർഷണം.
പ്രശാന്തിനിലയത്തിലെ സത്യസായി ഹിൽ വ്യൂ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഭക്തജനങ്ങൾക്കുമുൻപിലേക്കാണ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര കടന്നുവന്നത്. അതിഥികളായ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്ര കൽക്കരി ഖനി വകുപ്പുമന്ത്രി ജി. കിഷൻ റെഡ്ഡി എന്നിവർ വേദിയിലിരുന്ന് ഘോഷയാത്രയ്ക്ക് സാക്ഷികളായി.
മണിപ്പുരി നൃത്തമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് വർണക്കൊഴുപ്പേകി. ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വിവിധയിടങ്ങളിലൂടെ പ്രയാണം നടത്തിയ സത്യസായി പ്രേമ പ്രകാശിനി രഥങ്ങൾ ഘോഷയാത്രയിൽ സംഗമിച്ചു. സത്യസായി ബാബയുടെ ആശയങ്ങളും സേവനപദ്ധതികളും വിശദീകരിക്കുന്ന അഞ്ച് നിശ്ചലദൃശ്യങ്ങൾ ഘോഷയാത്രയിലെ മുഖ്യ ആകർഷകങ്ങളിലൊന്നായിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികസേവനം, കുടിവെള്ളം, പരിസ്ഥിതി സംരക്ഷണം, സ്കിൽ ഡിവലപ്‌മെന്റ് തുടങ്ങിയ പദ്ധതികളെ അവതരിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയാണം നടത്താൻ ലക്ഷ്യമിട്ടുള്ള ആഗോള സമാധാന ദീപശിഖകൾ വേദിയിൽ ജ്വലിപ്പിച്ചു. ലോകത്തിന്റെ ഒൻപത് മേഖലകളിലേക്കുള്ള ഒൻപത് ദീപശിഖകളാണ് ജ്വലിപ്പിച്ചത്. ആദ്യ ദീപശിഖ കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ജ്വലിപ്പിച്ച് ഭാരവാഹികൾക്ക് കൈമാറി. ഒൻപത് സോണുകളിലെയും ഭാരവാഹികൾ ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് മംഗളാരതിയോടെ സമ്മേളനം സമാപിച്ചു. വൈകീട്ട് സാംസ്കാരിക പരിപാടികൾ അരങ്ങേറി. കരിമരുന്ന് കലാപ്രകടനവുമുണ്ടായി.
Published: 24 Nov 2026, 12:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented