പ്രത്യേക തീവണ്ടിപ്രഖ്യാപനം വൈകുന്നു

To advertise here,

ബെംഗളൂരു : യാത്രാത്തിരക്ക് പരിഗണിച്ചു സർവീസ് നടത്തുന്ന പ്രത്യേക തീവണ്ടികളുടെ പ്രഖ്യാപനം ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം. റിസർവേഷൻ ആരംഭിച്ചതിനുശേഷം പ്രഖ്യാപനം നടത്തുന്നത് ട്രാവൽ എജന്റുമാരെ സഹായിക്കാനാണെന്നാണു സംശയം.

കഴിഞ്ഞദിവസം ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രഖ്യാപിച്ച പ്രത്യേക തീവണ്ടിയുടെ സർവീസ് സംബന്ധിച്ച അറിയിപ്പ് വരുന്നതിന് മുൻപു തന്നെ നാലിൽ മൂന്നു ടിക്കറ്റും തീർന്നിരുന്നു. പിന്നീട് ബുധനാഴ്ച പകൽ അറിയിപ്പ് വന്നു രാത്രിയായപ്പോഴേക്കും ബെർത്ത് ഉറപ്പുള്ള ടിക്കറ്റ് പൂർണമായും തീർന്നു.

വൈകി പ്രഖ്യാപിക്കുന്ന പ്രത്യേക തീവണ്ടികളിൽ സാധാരണ യാത്രക്കാർ നേരിട്ട് ടിക്കറ്റെടുക്കുന്നതിന് മുൻപ് ഏജന്റുമാർ മുഖേനയുള്ള ബുക്കിങ് നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരും ഏജന്റുമാരും ഇതിനായി ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷേപം. പ്രത്യേക സർവീസ് സംബന്ധിച്ച് ഓപ്പറേഷൻ വിഭാഗത്തിൽനിന്ന് വിവരങ്ങൾ ലഭിക്കാൻ വൈകുന്നതിനാലാണ് അറിയിപ്പ് നൽകാൻ വൈകുന്നതെന്നാണ് പി.ആർ. വിഭാഗത്തിന്റെ വിശദീകരണം. എന്നാൽ പി.ആർ. വിഭാഗം പത്രക്കുറിപ്പ് പുറത്തിറക്കുന്നതിന് മുൻപു തന്നെ റിസർവേഷൻ ആരംഭിച്ച വിവരം ഏജന്റുമാർ അറിയുന്നുണ്ട്. അതിനാൽ വിവരം സാധാരണ യാത്രക്കാരിൽ എത്തുന്നതിനു മുൻപുതന്നെ ടിക്കറ്റ് തീരുകയാണ്. വാരാന്ത്യത്തിലും ഉത്സവകാലത്തുമാണ് യാത്രക്കാർ കൂടുതലായും ഏജന്റുമാരെ ആശ്രയിക്കുന്നത്. സാധാരണ ദിവസങ്ങളിൽ 200-300 രൂപ ടിക്കറ്റിന് അധികംവാങ്ങുന്ന ഏജന്റുമാർ തിരക്കു കൂടുമ്പോൾ കമ്മിഷനും വർധിപ്പിക്കും. അതിനാൽ പൊതുഅവധിയോട് അടുത്ത ദിവസങ്ങളിൽ ഇവർക്ക് ചാകരയാണ്. ഈ സമയത്ത് പ്രഖ്യാപിക്കുന്ന പ്രത്യേക തീവണ്ടിസർവീസിനെക്കുറിച്ചും നേരത്തേ വിവരം അറിയുന്നതിനാൽ ഇവർക്ക് ഏറെ പ്രയോജനമാണ്.