കൊല നടത്തിയ ബിഹാർ സ്വദേശികൾ ഒളിവിൽ
ബെംഗളൂരു : ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിൽ അഭിഭാഷകനെ വെടിവെച്ചു കൊലപ്പെടുത്തി. പട്ടന്തൂർ അഗ്രഹാരയിൽ താമസിക്കുന്ന ബി. മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീടിനോടുചേർന്നുള്ള ഷെഡിൽ വാടകയ്ക്കു താമസിക്കുന്ന രണ്ട് ബിഹാർ സ്വദേശികളാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വാടക നൽകുന്നതുമായുള്ള തർക്കമാണ് കാരണമെന്നു കരുതുന്നു. കൊലനടത്തിയ ശേഷം ഒളിവിൽപ്പോയ ഇവരെ കണ്ടെത്താനായി പോലീസ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി.
ഡെലിവറി ഏജന്റുമാരായി ജോലി ചെയ്തുവരുകയായിരുന്നു ഒളിവിൽപ്പോയ ഇരുവരും. ഒന്നരവർഷമായി ഇവർ മഞ്ജുനാഥിന്റെ വാടകഷെഡിലെ മുറിയിലായിരുന്നു താമസം. ഇവർ കഴിഞ്ഞ മൂന്നുമാസത്തെ വാടക നൽകിയിരുന്നില്ലെന്ന് പറയുന്നു. ഇതിന്റെ പേരിൽ മഞ്ജുനാഥുമായി തർക്കമുണ്ടായിരുന്നു. വാടക നൽകാത്തതിൽ ഞായറാഴ്ച രാത്രി ഇവരെ മഞ്ജുനാഥ് ശകാരിച്ചതായും പറയുന്നു. തുടർന്ന് ഇവർ ഷെഡിനു പുറത്തേക്കുപോയി. തിരിച്ചുവരാമെന്നും അപ്പോൾ വാടക തന്നുകൊള്ളാമെന്നും പറഞ്ഞാണ് പോയത്. രാത്രി 11.45-ഓടെ ഇരുവരും തിരിച്ചുവന്നു. മഞ്ജുനാഥിനെ വീട്ടിൽനിന്നും വിളിച്ച് പുറത്തിറക്കി ഒരാൾ പണം കൈമാറി. മഞ്ജുനാഥ് പണം എണ്ണിനോക്കുന്നതിനിടെ മറ്റേയാൾ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. തലയ്ക്ക് വെടിയേറ്റു വീണ മഞ്ജുനാഥിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മഞ്ജുനാഥിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നാടൻ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. അനധികൃതമായി ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുവന്ന തോക്കാണ് കൊലയ്ക്കുപയോഗിച്ചതെന്നാണ് വിവരം.
Published: 20 Oct 2026, 12:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented