മാറനല്ലൂർ : പഞ്ചായത്തിലെ ഹരിതകർമസേനാ പ്രവർത്തകർ ഇഴജന്തുക്കളുടെ ഭീഷണി നേരിടുന്നതായി പരാതി.

To advertise here,

വീടുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടങ്ങിയ കവറുകളിലും പാതയോരത്ത് ശേഖരിക്കുന്ന ചാക്കുകെട്ടുകളിലുമാണ് ഇഴജന്തുക്കളെ കണ്ടതായി പ്രവർത്തകർ പറയുന്നത്.

രണ്ടുദിവസങ്ങൾക്കു മുൻപ് പഞ്ചായത്തിലെ വേട്ടമംഗലം വാർഡിൽനിന്നു ശേഖരിച്ച ചാക്കുകെട്ടുകളിൽനിന്ന് സാധനങ്ങൾ വേർതിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്.

മാസങ്ങൾക്കുമുൻപ് കോടന്നൂരിൽ മിനി എം.സി.എഫിൽ സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകൾ വാഹനത്തിൽ സംഭരണകേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനിടെ ചാക്കുകൾക്കിടയിൽനിന്ന് ഇഴഞ്ഞിറങ്ങിയ പാമ്പ് ഡ്രൈവറുടെ സീറ്റിലേക്കു കയറിയതിനെത്തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.

 

വാർഡുകളിൽനിന്ന്‌ പ്രവർത്തകർ ശേഖരിക്കുന്ന ചാക്കുകെട്ടുകൾ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ സൂക്ഷിച്ചശേഷമാണ് ഒരുമിച്ച് സംഭരണകേന്ദ്രത്തിലേക്കു മാറ്റുന്നത്.

മിനി എം.സി.എഫ്. സ്ഥാപിച്ചിരിക്കുന്നതിനു സമീപം കാടുകയറിയതും ഇഴജന്തുക്കൾ ചാക്കുകെട്ടുകളിൽ കടന്നുകൂടാൻ കാരണമാകുന്നു.

എന്നാൽ, കാടുകയറിക്കിടക്കുന്ന സ്വകാര്യ പുരയിടങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് വൃത്തിയാക്കുകയും ഉടമയിൽനിന്ന് തുക ഈടാക്കുകയും വേണമെന്ന് കോടതി നിർദേശമുണ്ടെങ്കിലും പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മിക്കയിടത്തും പാതയോരം കാടുപിടിച്ച നിലയിലാണ്.