ബെംഗളൂരു: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നടത്തിയ റാലിയിൽ പ്രതിഷേധമിരമ്പി.

To advertise here,

ബെംഗളൂരുവിലെ ഫ്രീഡംപാർക്കിൽ നടത്തിയ സമരത്തിനൊടുവിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദാണ് കോലത്തിന് തീകൊളുത്തിയത്.

തീപടർന്നതോടെ സ്ഥലത്തുണ്ടായിരുന്ന ഫയർഎൻജിനിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളം ചീറ്റിച്ചു. ഇതോടെ പ്രവർത്തകർ ചിതറിയോടി.

സമരത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, വീരപ്പ മൊയ്‌ലി, എ.ഐ.സി.സി. ജനറൽസെക്രട്ടറി നസീർ ഹുസൈൻ, എ.ഐ.സി.സി. സെക്രട്ടറി ഗോപിനാഥ് പളനിയപ്പൻ, നിവേദിത ആൽവ തുടങ്ങിയവരും അണിനിരന്നു. ഒട്ടേറെ പ്രവർത്തകരുമെത്തി.

സമരവേദിയുടെ മുൻപിൽ തുടക്കത്തിലേ ഗ്യാനേഷ് കുമാറിന്റെ കോലം സ്ഥാപിച്ചിരുന്നു. ഡി.കെ. ശിവകുമാറിന്റെ പ്രസംഗത്തിനുശേഷം കോലവുമായി ബി.കെ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പുറത്തേക്കു വരുകയും സമരപ്പന്തലിനു മുൻപിൽ കുറച്ചകലെയായി കുത്തിനിർത്തുകയും ചെയ്തു. തുടർന്ന് ഹരിപ്രസാദ് തീ കൊളുത്തി.

ഒപ്പം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തീ പടർന്നപ്പോഴേക്കും തയ്യറായിനിന്ന അഗ്നിരക്ഷാസേനാംഗങ്ങൾ വെള്ളം ചീറ്റിച്ചു. ഇതോടെ കത്തിയതിന്റെ ബാക്കിയുള്ള നനഞ്ഞ കോലവുമായി പ്രവർത്തകർ പാർക്കിനുള്ളിലേക്ക് ഓടിക്കയറി. ബാക്കിയുള്ളവർ പിരിഞ്ഞുപോയി.

എസ്.ഐ.ആറിനെതിരായ സമരം സംസ്ഥാനത്തെ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.