മണ്ഡലകാലത്തിന് ഒരാഴ്ച
പുനലൂർ : മണ്ഡലകാലം തുടങ്ങാൻ കഷ്ടിച്ച് ഒരാഴ്ചമാത്രം ശേഷിക്കേ, പുനലൂർ ടി.ബി.ജങ്ഷനിലെ സ്നാനഘട്ടത്തിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ താത്കാലിക ബാരിക്കേഡ് കെട്ടാൻ നടപടി വൈകുന്നു. രണ്ടുമാസംമുൻപ് പുനലൂരിൽ നടന്ന മണ്ഡലകാല അവലോകനയോഗത്തിൽ തീർഥാടകർക്ക് മൊത്തത്തിലുള്ള സുരക്ഷാനടപടികൾ വാഗ്ദാനംചെയ്തെങ്കിലും സ്നാനഘട്ടത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല.
മണ്ഡലകാലം തുടങ്ങിയാൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരടക്കം ഏറ്റവുമധികം തീർഥാടകർ കുളിക്കാനിറങ്ങുന്ന കല്ലടയാറ്റിലെ കടവാണിത്. മുഖ്യമായും ശബരിമല തീർഥാടകരെ ഉദ്ദേശിച്ച് ടൂറിസം വകുപ്പ് 14 വർഷംമുൻപ് നിർമിച്ചതാണിത്.
കല്ലടയാറ്റിലെ ഏറ്റവും ആഴംകൂടിയ സ്ഥലങ്ങളിലൊന്നായ ഇവിടെ കടവ് സുരക്ഷിതമായി വേർതിരിക്കാൻ ഇരുമ്പുപൈപ്പ് (ജി.ഐ.)കൊണ്ട് സ്ഥിരമായ സംരക്ഷണവേലി നിർമിക്കുമെന്ന് ആറുവർഷംമുൻപ് ടൂറിസംവകുപ്പ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം ഇന്നും 'ജലരേഖ'യാണ്.
വൃശ്ചികം ഒന്നുമുതൽ മകരവിളക്കുവരെയുള്ള രണ്ടുമാസം വൻതിരക്കാണ് സ്നാനഘട്ടത്തിൽ അനുഭവപ്പെടാറുള്ളത്. കുളിക്കാനിറങ്ങുന്ന തീർഥാടകരുടെ സുരക്ഷയാണ് ഇവിടെ ഏറ്റവുമധികം ഭീഷണിയിലുള്ളത്. എല്ലാക്കൊല്ലവും മുളക്കമ്പുകൊണ്ട് താത്കാലിക വേലി നിർമിക്കുകയാണ് ചെയ്തുവരുന്നത്. എന്നാൽ അനധികൃത മണൽവാരലിനെത്തുടർന്ന് ആഴം വർധിച്ച കടവിൽ മുളവേലി സുരക്ഷിതമല്ല. ദിവസങ്ങൾക്കുള്ളിൽ വേലി പൊളിഞ്ഞ് ആറ്റിൽ വീഴുകയാണ് പതിവ്. ഈ പശ്ചാത്തലത്തിലാണ് ജി.ഐ. പൈപ്പുകൊണ്ട് സംരക്ഷണവേലി നിർമിക്കാൻ 2019-ൽ ഡി.ടി.പി.സി. പദ്ധതിയിട്ടത്. എന്നാൽ പദ്ധതി നടപ്പായില്ല.
മണ്ഡലകാല ഒരുക്കങ്ങളെക്കുറിച്ച് അവലോകനം നടത്താൻ രണ്ടുമാസംമുൻപ് സി. അജയപ്രസാദ് എം.എൽ.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാജുവും ചേർന്ന് പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിലും ഇക്കാര്യം ചർച്ചചെയ്തിരുന്നില്ല.
Published: 11 Nov 2026, 02:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented