ബെംഗളൂരു ബ്രഹ്‌മസ്ഥാന മഹോത്സവം സമാപിച്ചു

To advertise here,

ബെംഗളൂരു : നാനാത്വത്തിൽ ഏകത്വം ദർശിക്കാനാണ് ഋഷീശ്വരന്മാർ പഠിപ്പിച്ചതെന്നും ആ കാഴ്ചപ്പാടിൽ വിദ്വേഷവും ദുഃഖവും ദേഷ്യവും പകയുമില്ലെന്നും എല്ലാവരിലും എല്ലാറ്റിലും നന്മമാത്രമാണ് ദർശിക്കുന്നതെന്നും മാതാ അമൃതാനന്ദമയി. ബെംഗളൂരു ബ്രഹ്‌മസ്ഥാന മഹോത്സവത്തിന്റെ സമാപനദിവസം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി.

സ്വാർഥതയാണ് എല്ലാ പ്രശ്നത്തിനും കാരണം. അത് വൈറസിനെപ്പോലെയാണ്. യുദ്ധം, ദാരിദ്ര്യം, പാരിസ്ഥിതിക വെല്ലുവിളി എന്നിങ്ങനെ പ്രശ്നം എന്തായാലും അവിടെയെല്ലാം സ്വാർഥത എന്ന വൈറസിന്റെ സാന്നിധ്യം കാണാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. കർണാടക ഹൈക്കോടതി ജഡ്ജി എസ്.ആർ. കൃഷ്ണകുമാർ, നഗരഭരണ വകുപ്പുമന്ത്രി എച്ച്.സി. ബാലകൃഷ്ണ, എം.എൽ.സി. സുനിൽ ഗൗഡ ബസവന ഗൗഡ പാട്ടീൽ, ഉമാ മഹാദേവൻ, ആർ.എസ്.എസ്. നേതാവ് രാമചന്ദ്ര ഷെട്ടി, ബി.ഇ.എൽ.സി. എം.ഡി. മനോജ് ജെയിൻ, നെറ്റ്ആപ്പ് വൈസ് പ്രസിഡന്റ് വാസന്തി രമേഷ് പ്രസംഗിച്ചു. ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന നാശമുക്ത ഭാരത് പദ്ധതിയുടെ ഭാഗമായി അമൃതാ യുവ ധർമധാരയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മാതാ അമൃതാനന്ദമയിയുടെ രണ്ട് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. അമൃതശ്രീ അംഗങ്ങൾക്കുള്ള സഹായവിതരണവും നടന്നു. രണ്ടുദിവസമായി നടന്ന മഹോത്സവത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും അമൃതാനന്ദമയി ദർശനം നൽകി. തുടർന്ന് ഹൈദരാബാദ് ബ്രഹ്മസ്ഥാന മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടു.