ബെംഗളൂരു : പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനും സാഹിത്യനിരൂപകനും അധ്യാപകനുമായ പ്രൊഫ. കെ.വി. നാരായണ (79) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

To advertise here,

ഹംപി യൂണിവേഴ്‌സിറ്റിയിൽ ഭാഷാവിഭാഗം ഡീനായും രജിസ്ട്രാറായും ആക്ടിങ് വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. കുവെംപു ഭാഷാ ഭാരതി അതോറിറ്റി ചെയർമാനായും പ്രവർത്തിച്ചു. കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരവും കർണാടക രാജ്യോത്സവ പുരസ്കാരവും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'നുഡിഗള അളുവു-ബേറെ ദിക്കിന നോട' എന്ന പുസ്തകത്തിന് 2024-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

1948-ൽ മൈസൂരു പെരിയപട്ടണ താലൂക്കിലെ കമ്പാലപുരയിലാണ് ജനനം. ബാംഗ്ലൂർ സർവകലാശാലയിൽനിന്ന് കന്നഡ സാഹിത്യത്തിൽ ബിരുദാനന്തബിരുദവും പി.എച്ച്.ഡി.യും നേടി. തുടർന്ന് ബെംഗളൂരു നാഷണൽ കോളേജിൽ അധ്യാപകനായി. പിന്നീട് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിലെ കന്നഡ പഠനകേന്ദ്രത്തിൽ അധ്യാപകനായി ഭാഷാശാസ്ത്രവും സാഹിത്യസിദ്ധാന്തവും പഠിപ്പിച്ചു. യെലഹങ്കയിലായിരുന്നു താമസം. എച്ച്.എസ്. ശ്രീമതിയാണ് ഭാര്യ. ഒരുമകനും ഒരു മകളുമുണ്ട്. കെ.വി. നാരായണയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കന്നഡ-സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തെംഗഡഗി തുടങ്ങിയവർ അനുശോചിച്ചു.