മൈസൂരു : ദീപത്താൽ തിളങ്ങുന്ന മൈസൂരു നഗരവും ചാമുണ്ഡി കുന്നും എക്‌സിബിഷനും അങ്ങനെ ഒട്ടേറെ കാഴ്ചകൾ ഇനി മനസ്സിൽ തങ്ങി നിൽക്കും. കാഴ്ചയുടെ ഒട്ടേറെ വിരുന്നൊരുക്കി ഒരു ദസറ കൂടി സമാപിച്ചു. ചരിത്രത്തിൽ ആദ്യമായി ദസറയുടെ ഭാഗമായി കമ്പളനടത്തിയതും കാഴ്ചക്കാരുടെ മനസ്സിൽ അടുത്ത ദസറക്കാലം വരെ മായാതെ കിടക്കും. ഘോഷയാത്രയിൽ കാഴ്ചകൾ നുകരാൻ നാടൊന്നാകെ ദിവസങ്ങളായി മൈസൂരുവിലേക്ക് ഒഴുകുകയായിരുന്നു. എല്ലാ വഴികളും കൊട്ടാര നഗരിയിലേക്കായിരുന്നു. ആയിരക്കണക്കിന് മലയാളികളും ജംബൂ സവാരി കാണാൻ നഗരത്തിലെത്തിയിരുന്നു. ഈ വർഷം ഇതര സംസ്ഥാനത്ത്നിന്ന് കൂടുതൽ ആളുകൾ ദസറ കാണാൻ മൈസൂരുവിലെത്തിയെന്നാണ് കണക്ക്.

To advertise here,

 

ഏറെ വിദേശ സഞ്ചാരികളും കാഴ്ചകൾ കാണാനെത്തിയിരുന്നു. പുഷ്പമേളയും ഭക്ഷ്യമേളയും ദസറ ദിനങ്ങളിൽ കൊട്ടാര പരിസരത്തെ നൃത്തങ്ങളും സംഗീതനിശകളും സാംസ്കാരിക പരിപാടികളും സന്ദർശകർക്ക് വേറിട്ട അനുഭവങ്ങളായിരുന്നു. ബന്നിമണ്ഡപ മൈതാനത്ത് നടന്ന പരേഡോടെയായിരുന്നു ദസറ ആഘോഷത്തിന് സമാപനമായത്. കൊട്ടാരവളപ്പിൽ, വിശിഷ്ട വ്യക്തികൾക്കും പാസുകൾ, ഗോൾഡ് കാർഡുകൾ, ടിക്കറ്റുകൾ എന്നിവയുള്ളവർക്കും ഉൾപ്പെടെ കൂടുതൽ പേർക്ക് ഘോഷയാത്ര കാണാൻ സൗകര്യം ഒരുക്കിയിരുന്നു. സുരക്ഷയ്ക്കായി 8,000 പോലീസുകാരെയായിരുന്നു നഗരത്തിൽ വിന്യസിച്ചത്.