ഇന്ന് നേരിട്ട് കൂടിക്കാഴ്ച

To advertise here,

ബെംഗളൂരു : ഓണറേറിയം വർധന ആവശ്യപ്പെട്ട് ഫ്രീഡം പാർക്കിൽ അനിശ്ചിതകാല രാപകൽ സമരം നടത്തുന്ന ആശ തൊഴിലാളികളോട് പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

ജപ്പാൻ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി ഫോണിലൂടെയാണ് യൂണിയൻ നേതാക്കളോട് സമരം നിർത്തണമെന്ന് ആവശ്യപ്പെട്ടത്. സർക്കാരിൽ വിശ്വാസം അർപ്പിക്കണമെന്നും ആവശ്യങ്ങൾ പരിഗണിക്കാൻ നിയമസഭാ സമ്മേളനംവരെ സമയം നൽകണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു. ജപ്പാനിൽനിന്ന് മടങ്ങിയെത്തിയാൽ ബുധനാഴ്ച സമരക്കാരുമായി നേരിട്ട് ചർച്ച നടത്താമെന്നും അദ്ദേഹം ഫോണിലൂടെ അറിയിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ ഉറപ്പ് തള്ളി സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. നവംബർ 17-മുതലാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്.

ഇതിനിടെ സമരം ചെയ്യുന്നവരിൽ ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലേക്ക് മാറ്റി. 17 ആശ പ്രവർത്തകരെയാണ് പനി, ആസ്ത്മ, ഛർദി, വയറിളക്കം തുടങ്ങിയവ കാരണം മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സമരക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ സർക്കാർ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു. സമരക്കാർക്കായി ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഒരു മൊബൈൽ ക്ലിനിക് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കർണാടക രാജ്യ സംയുക്ത ആശ കാര്യകർത്യേര സംഘിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷവും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു.

ആശ തൊഴിലാളികളോട് മാന്യമായി പെരുമാറുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.