വിടവാങ്ങിയത് മൃദംഗം വായിക്കുന്നതിനിടെ
പുണെ : മൃദംഗവിദ്വാൻ ശ്രീധർ പാർഥസാരഥി (54) വേദിയിൽ കുഴഞ്ഞു വീണ് മരിച്ചു. വെള്ളിയാഴ്ച പുണെയിൽ തത്സമയ പരിപാടിക്കിടെയായിരുന്നു സംഭവം.
ലോക്മത് സ്വരചൈതന്യ ദീപാവലി പഹാത് 2026 പരിപാടിയിൽ രാവിലെ ഏഴോടെയാണ് അദ്ദേഹം മൃദംഗവായന തുടങ്ങിയത്. പത്തുമിനിറ്റോളം വായിച്ചശേഷം സദസ്സിന്റെ ആവശ്യപ്രകാരം പത്തുമിനിറ്റുകൂടി തുടർന്നു. വീണ്ടും ആവശ്യമുയർന്നപ്പോൾ രണ്ടു ഇനങ്ങൾകൂടി വായിക്കാമെന്ന് സമ്മതിച്ചു. ഇതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാർ ഉടൻ സി.പി.ആർ. നൽകി. ആംബുലൻസിൽ ബാനറിലെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം
സംഗീതജീവിതം
ആറാം വയസ്സിൽ വിദ്വാൻ കാരൈക്കുടി ആർ. ചന്ദ്രമൗലിയുടെ ശിഷ്യനായാണ് ശ്രീധർ പാർഥസാരഥി മൃദംഗപഠനം തുടങ്ങിയത്. ഡി.കെ. പട്ടമ്മാൾ, മധുരൈ ജി.എസ്. മണി, ഡോ. എം. ബാലമുരളീകൃഷ്ണ, രംഗനാഥ ശർമ തുടങ്ങിയ കർണാടക സംഗീതജ്ഞർക്കൊപ്പം വായിച്ചു. ശങ്കർ മഹാദേവൻ, രതൻ മോഹൻ ശർമ, സഞ്ജീവ് അഭ്യങ്കർ, നന്ദകിഷോർ മുളെ എന്നിവരുമൊത്ത് ജുഗൽബന്ദികളും അവതരിപ്പിച്ചു.
കർണാടകവേദിക്ക് പുറത്തേക്ക് മൃദംഗത്തിന്റെ സാധ്യതകൾ വികസിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ജാസ് ഇതിഹാസം മൈൽസ് ഡേവിസിന് ആദരമർപ്പിച്ച് 2008-ൽ ബോബ് ബെൽഡൻ നിർമിച്ച ‘മൈൽസ് ഫ്രം ഇന്ത്യ’പദ്ധതിയിൽ പങ്കാളിയായി.
വിക്കു വിനായകറാം, ലൂയിസ് ബാങ്ക്സ്, രഞ്ജിത് ബറോട്ട്, ഫസൽ ഖുറേഷി, തൗഫീഖ് ഖുറേഷി, നിലാദ്രി കുമാർ എന്നിവരുമായി ബന്ധപ്പെട്ട താളവാദ്യ കൂട്ടായ്മകളിൽ സ്ഥിരമായി വായിച്ചു.
ലൂയിസ് ബാങ്ക്സ്, കാൾ പീറ്റേഴ്സ് തുടങ്ങിയവരുമായും സഹകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ വേദികളിലും സംഗീതോത്സവങ്ങളിലും പങ്കെടുത്തു.
ശങ്കർ മഹാദേവൻ ഇൻസ്റ്റഗ്രാമിൽ ദുഃഖം രേഖപ്പെടുത്തി. നാല്പതു വർഷം മുൻപത്തെ തന്റെ ആദ്യ കർണാടക സംഗീതക്കച്ചേരിയിൽ ശ്രീധറായിരുന്നു മൃദംഗം വായിച്ചതെന്ന് അദ്ദേഹം ഓർമ്മിച്ചു.
സംഗീതത്തിനും തമാശകൾക്കും ചിരിക്കും നടുവിൽ ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചും അദ്ദേഹം കുറിച്ചു. അധികം സംസാരിക്കാത്ത, സംഗീതംകൊണ്ട് സംസാരിച്ച വ്യക്തിയായിരുന്നു ശ്രീധറെന്ന് സരോദ് വാദകൻ അനുപം ജോഷി അനുസ്മരിച്ചു.
ഇളംതലമുറയിലെ കലാകാരന്മാരെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം പങ്കിട്ട് സംഗീതം ചർച്ചചെയ്യുന്ന ഉദാരമനസ്കനായിരുന്നെന്ന് തബലിസ്റ്റ് അനിരുദ്ധ് ശങ്കർ പറഞ്ഞു. ജാസ് സംഗീതജ്ഞൻ ലൂയിസ് ബാങ്ക്സും ആദരാഞ്ജലിയർപ്പിച്ചു.
Published: 08 Nov 2026, 12:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented