തൃക്കരിപ്പൂർ : കായിക പ്രതിഭകൾ ഏറെ ഉടലെടുത്ത മണ്ണാണ് കാസർകോടിന്റേത്. അന്തർദേശീയ, ദേശീയ വേദികളിൽ അവർ ജില്ലയുടെ അഭിമാനമുയർത്തി. പരിമിതികളുടെ ഫിനിഷിങ് ലൈൻ കടന്ന് അവർ കൊയ്ത നേട്ടങ്ങൾ കാസർകോടിന്റെ കായികക്കുതിപ്പിന് വഴി തുറക്കുമെന്ന് അവരിൽ പലരും പ്രതീക്ഷിച്ചിരുന്നു. മാറി മാറി വന്ന അധികൃതരും ജനപ്രതിനിധികളും കിതപ്പ് കൂട്ടിയതല്ലാതെ കുതിപ്പിലേക്ക് ജില്ലയുടെ കായിക മേഖലയെ മാറ്റിയില്ല. പറഞ്ഞു കേട്ട പഴയ പല്ലവികൾ ഇനി വേണ്ടാ... വാഗ്ദാനങ്ങളുടെ നീണ്ട പട്ടികയും വേണ്ടാ... കാസർകോടിന്റെ തല ഉയർത്തിപ്പിടിച്ച കായിക താരങ്ങൾക്ക് വേണ്ടത് ഈ വാഗ്ദാനങ്ങളോ സഹിച്ചുവന്ന പരിമിതികളോ അല്ല... അവഗണനയും സഹിച്ച് ജില്ലയ്ക്കായി ബൂട്ടണിഞ്ഞ അവർക്കു വേണ്ടത് ജില്ലയുടെ കായികക്കുതിപ്പിനുള്ള ചുവടുകൾ മാത്രമാണ്... അതിനു മുൻപ് കാണാം കാസർകോടിന്റെ 'യഥാർഥ കളിമുറ്റവും കായികക്കുതിപ്പിനുള്ള നിർദേശങ്ങളും.
രാജീവ് ഗാന്ധി സ്പോർട്സ് അരീന
ജില്ലയുടെ കായിക്കുതിപ്പ് ലക്ഷ്യമിട്ട് തൃക്കരിപ്പൂർ നടക്കാവിൽ നിർമിച്ചതാണ് രാജീവ് ഗാന്ധി സ്പോർട്സ് അരീന. കായിക താരങ്ങൾക്ക് സ്റ്റേഡിയം തുറന്നു കൊടുക്കും മുൻപ് നിർമാണ പിഴവുകൾ പരിഹരിക്കാം. ഇൻഡോർ സ്റ്റേഡിയത്തിലെ ഗാലറിയുടെ അപാകം പരിഹരിച്ചാലേ കാണികൾക്ക് മത്സരം കാണാൻ കഴിയൂ. അഗ്നിരക്ഷാ സേനയുടെ അനുമതി ലഭ്യമാക്കണം. കായിക താരങ്ങൾക്ക് ആവശ്യമായ ഡ്രസ്സിങ് മുറികളോ റിട്ടയറിങ് മുറികളോ ഇല്ലെന്ന പരാതി പരിഹരിക്കണം. വാഹന പാർക്കിങ്, ആവശ്യമായ വെളിച്ച സംവിധാനങ്ങൾ എന്നിവ ഒരുക്കണം. കളി ഉപകരണങ്ങൾ സജ്ജീകരിക്കണം. നീന്തൽക്കുളത്തിന്റെ അപാകവും പരിഹരിക്കണം. സ്റ്റേഡിയം തുറന്നു കൊടുക്കുന്നതിന് മുൻപ് മേൽനോട്ടവും പരിപാലനവും ഉറപ്പാക്കണം.
രാജീവ് ഗാന്ധി സിന്തറ്റിക് ടർഫ്
നടക്കാവിലെ സിന്തറ്റിക് ടർഫിന്റെയും ടർഫിനു ചുറ്റുമുള്ള ഫെൻസിങ്ങിന്റെയും അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണം. ഈ വർഷം അണ്ടർ 20 യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കാസർകോടാണ് ആതിഥേയത്വം വഹിക്കുന്നത്. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ടർഫിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകണമെന്നാണ് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആവശ്യം. ഫ്ളഡ്‌ലിറ്റ് സംവിധാനവും ടർഫിൽ ഒരുക്കണം.
ഇ.എം.എസ്. സ്റ്റേഡിയം
ജില്ലയിലെ ഏക 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഇ.എം.എസ്. സ്റ്റേഡിയത്തിലാണ്. എന്നാൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കിനാവശ്യമായ അധിക സ്ഥലം ക്രമീകരിക്കാതെയാണ് ഇവിടെ ട്രാക്കിന്റെ നിർമാണം നടത്തിയത്. ഓട്ടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഈ സംവിധാനം ഒരുക്കണം. പലയിടത്തും ഇളകിയ സിന്തറ്റിക് ട്രാക്കിന്റെ മേലാവരണം ജില്ലാ കായിക മേളയ്ക്ക് മുൻപായി ശരിയാക്കണം. സ്റ്റേഡിയത്തിലെ ജമ്പിങ് പിറ്റ് ശാസ്‌ത്രീയ രീതിയിൽ ഒരുക്കണം. ഫുട്ബോൾ മൈതാനത്തിന് കൃത്യമായ പരിചരണം വേണം. വോളിബോൾ, ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾക്കും നോട്ടം വേണം.
പ്രഖ്യാപിച്ച 'പിങ്ക് സ്റ്റേഡിയം' നടപ്പാകുമോ?
സംസ്ഥാനത്തെ ആദ്യത്തെ 'പിങ്ക് സ്റ്റേഡിയം'(സ്ത്രീ സൗഹൃദ സ്റ്റേഡിയം) കാസർകോട് ഒരുങ്ങുമെന്ന് മുൻ കായികമന്ത്രി വി. അബ്ദുൾ റഹ്മാൻ പ്രഖ്യാപിച്ചിട്ട് വർഷം അഞ്ചായി. പെൺകുട്ടികൾക്ക് സൈക്ലിങ്, കളരി, കരാട്ടെ, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിൽ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു. കാസർകോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള താളിപ്പടുപ്പ് മൈതാനത്തെ ഒന്നരയേക്കർ സ്ഥലത്ത് സ്റ്റേഡിയം നിർമിക്കാനായിരുന്നു സർക്കാർ തീരുമാനം.
മോടി വേണം, ഈ മൈതാനങ്ങൾക്കും
ദേശീയ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ കായികതാരങ്ങളെ വാർത്തെടുത്ത കാലിക്കടവ് മൈതാനം, ജില്ലാ ആസ്ഥാനത്തെ പ്രധാന കളിക്കളമായ കാസർകോട് നഗരസഭാ സ്റ്റേഡിയം, മംഗൽപാടി പഞ്ചായത്തിലെ മണ്ണംകുഴി സ്റ്റേഡിയം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയാൽ നിരവധി കായിക താരങ്ങൾക്ക് പ്രയോജനപ്പെടും.
സ്കൂളുകളിൽ കായികാധ്യാപകർ വേണം; കായിക ഉപകരണങ്ങളും
കായികാധ്യാപകരില്ലാത്ത ജില്ലയിലെ മുഴുവൻ സ്കൂളുകളിലും അതത് പഞ്ചായത്തുകളുടെ സഹകരണത്തോടെ പാർട്ട് ടൈം കായികാധ്യാപകരെ നിയമിക്കാനുള്ള നടപടിയെടുക്കണം.
സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ പഞ്ചായത്ത് അല്ലെങ്കിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ഡേ ബോർഡിങ് സെന്ററുകൾ സ്ഥാപിക്കുക.
എല്ലാ സ്കൂളിലും കായികപരിശീലനത്തിനുള്ള കളിയുപകരണങ്ങൾ നൽകണം.
ഉപജില്ലാ, ജില്ലാ സ്കൂൾ ഗെയിംസ്, അത്‌ലറ്റിക് മത്സരങ്ങൾ ചടങ്ങുകളായി മാത്രം സംഘടിപ്പിക്കാതെ കൃത്യമായ ഇടവേളകളിൽ ആസൂത്രണത്തോടെ നടപ്പാക്കുക. ജില്ലാ സ്കൂൾ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനായി ക്യാമ്പുകൾ നിർബന്ധമായും സംഘടിപ്പിക്കണം.
മികവ് തെളിയിച്ച കായിക താരങ്ങൾക്ക് പ്രത്യേക പരിശീലനം ജില്ലയിൽ തന്നെ നൽകുക.
വനിതാ ഫുട്ബോൾ താരങ്ങൾക്കായി വനിതാ ഹോസ്റ്റൽ ജില്ലയിൽ സ്ഥാപിക്കണം.
സർക്കാർ സ്പോർട്സ് ഹോസ്റ്റലുകളും സർക്കാർ അക്കാദമികളും ജില്ലയ്ക്ക് ആവശ്യമാണ്.
കായിക അസോസിയേഷനുകൾക്ക് അവരുടെ ഗെയിം വളർത്തുന്നതിനാവശ്യമായ കളി ഉപകരണങ്ങളും, ഗ്രാൻഡും നൽകുക.
Published: 01 Oct 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented