കാസർകോട്ട് പ്ലാറ്റ്‌ഫോം കടക്കാൻ നടപ്പാലമില്ലാതെ യാത്രക്കാർ

To advertise here,

കാസർകോട് : അറ്റകുറ്റപ്പണികൾക്കായി കാസർകോട് റെയിൽവേ സ്റ്റേഷനിലെ നടപ്പാലം അടച്ചിട്ടിട്ട്‌ ഒന്നരമാസം. പുതുതായി നിർമിക്കുന്ന എസ്കലേറ്റർ ഉൾപ്പെട്ട നടപ്പാലത്തിന്റെ പണി പൂർത്തിയാകാതെ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പരിഗണിക്കില്ലെന്ന നിലപാടിലാണ് അധികൃതർ. എന്നാൽ മന്ദഗതിയിൽ നീങ്ങുന്ന നിർമാണം എന്ന് പൂർത്തിയാകുമെന്ന് അധികൃതർക്കും അറിയില്ല. സ്റ്റേഷന്റെ പ്രവേശന കവാടത്തോടുചേർന്ന പഴയ നടപ്പാലമാണ് ഓഗസ്റ്റ് ആദ്യം അറ്റകുറ്റപ്പണികളുടെ പേരിൽ അടച്ചത്. ഇതോടെ ഒന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് രണ്ടിലേക്ക് കടക്കാനുള്ള ഏകമാർഗം റെയിൽവേ പോലീസ് സ്റ്റേഷനു സമീപമുള്ള പുതിയ നടപ്പാലമാണ്. തിരക്കുള്ള സമയങ്ങളിൽ പ്ലാറ്റ്‌ഫോം കടക്കാൻ ഒന്നരമാസമായി ക്യൂ നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. രണ്ടാം പ്ലാറ്റ്‌ഫോമിൽനിന്ന് തീവണ്ടി കയറേണ്ടവർ ഇതോടെ നഗരത്തിലെ തിരക്കുകൂടി പരിഗണിച്ച് വണ്ടിയെത്തുന്നതിനും ഏറെസമയം മുൻപ് പുറപ്പെടേണ്ട അവസ്ഥയിലാണെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.

പുറത്തുകടക്കാൻ ചുറ്റിക്കറങ്ങണം

രണ്ടാം പ്ലാറ്റ്‌ഫോമിൽ ഏറ്റവും മുന്നിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് പ്രധാന പ്രവേശനകവാടം വഴി പുറത്തിറങ്ങാൻ പ്ലാറ്റ്‌ഫോമിലുടെ ഒരു കിലോമീറ്ററിലധികം ചുറ്റിക്കറങ്ങണം. റെയിൽവേ സ്റ്റേഷനിൽനിന്ന് കണക്ടിങ് ബസുകൾ വഴി പോകേണ്ട യാത്രക്കാർ ഇത്തരത്തിൽ പുറത്ത്‌ കടക്കുമ്പോഴേക്ക് ബസുകൾ പോയിട്ടുണ്ടാകും. ഇതൊഴിവാക്കാൻ നിലവിൽ ജനറൽ കോച്ചിൽ യാത്രചെയ്യുന്ന സ്ഥിരംയാത്രക്കാർ കൂട്ടമായി ഏറ്റവും പിന്നിലെ കോച്ചുകളിൽ കയറുന്നതും പതിവാണ്. റെയിൽവേ പോലീസിന്റെ കണ്ണ് തെറ്റിയാൽ പാളം മുറിച്ചുകടക്കുന്നവരും നിരവധിയാണ്.

ഭാരമുള്ള പെട്ടികളുമായി യാത്രചെയ്യുന്നവർ, പ്രായമുള്ളവർ, ചെറിയ കുട്ടികൾക്കൊപ്പം സഞ്ചരിക്കുന്നവർ മുതലായവരാണ് നിലവിൽ ഏറെ വലയുന്നത്. 'വഴിയടഞ്ഞതോടെ' മൂന്നാം പ്ലാറ്റ്‌ഫോമിലെത്തുന്ന വന്ദേഭാരതിലടക്കം കയറാൻ കഴിയാതെ പോകുന്ന യാത്രക്കാരുടെ എണ്ണവും വർധിച്ചു.

‌ലിഫ്റ്റുണ്ട്, പക്ഷേ...

നിലവിൽ ഉപയോഗയോഗ്യമായ നടപ്പാലത്തിന്റെ ഭാഗമായ ലിഫ്റ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇവ എപ്പോൾ പണിമുടക്കുമെന്ന് ആർക്കുമുറപ്പില്ല. വൈദ്യുതിമുടക്കം പതിവായതോടെ ലിഫ്റ്റുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. രോഗികളും ചക്രക്കസേരയിൽ യാത്രചെയ്യുന്നവരുമാണ് ഇതുകാരണം ഏറെ പ്രയാസപ്പെടുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം ആർ.സി.സി.യിൽനിന്ന് ചികിത്സ കഴിഞ്ഞ് രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങിയ രോഗിയെ വൈദ്യുതിയില്ലാതെ ലിഫ്റ്റ് പണിമുടക്കിയതിനാൽ ചക്രക്കസേരയോടെ റെയിൽവേ പോലീസ് എടുത്താണ് ഒന്നാം പ്ലാറ്റ്ഫോമിലെത്തിച്ചത്. ഏറെനേരത്തെ കാത്തിരിപ്പിനും ഉന്നതതല ഇടപെടലിനും ശേഷമായിരുന്നു ഇത്. ട്രോളി പാത്തുണ്ടായിരുന്നെങ്കിൽ ചക്രക്കസേര അതുവഴി ഒന്നാം പ്ലാറ്റ്ഫോമിലെത്തിക്കാമായിരുന്നു.

എന്നുവരും ട്രോളിപാത്ത്?

പ്ലാറ്റ്‌ഫോം പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇളക്കിയ ട്രോളിപാത്ത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതില്ലാത്തതോടെ ചക്രക്കസേര ഉപയോഗിക്കുന്ന യാത്രക്കാരടക്കം പ്ലാറ്റ്‌ഫോം കടക്കാൻ മാസങ്ങളായി ബുദ്ധിമുട്ടുകയാണ്. പാഴ്സൽ കേന്ദ്രത്തിലെ ജീവനക്കാരാണ് പലപ്പോഴും അവരെ എടുത്ത് പ്ലാറ്റ്‌ഫോം കടത്തുന്നത്.