ആനകൾക്ക് കൃത്യമായ പരമ്പരാഗത സഞ്ചാരപാത

To advertise here,

മൈസൂരു : കാട്ടാനകളുടെ ആക്രമണം ചെറുക്കാൻ ആനയിടനാഴി നിർമിക്കുമെന്ന് വനം മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. കാട്ടാന ആക്രമണം സംസ്ഥാനത്ത് എറ്റവും കൂടുതലുള്ള ചിക്കമഗളൂരു ജില്ലയിലാണ് ഇടനാഴി നിർമിക്കുക. രണ്ടോ അതിലധികമോ വനമേഖലകൾ അല്ലെങ്കിൽ ആനകളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശങ്ങളെയാണ് ആന ഇടനാഴി എന്ന് വിളിക്കുന്നത്. മനുഷ്യരുടെ ഇടപെടലുകൾ കുറഞ്ഞ ഈ പാതകളിലൂടെ ആനകൾക്ക് ഒരു വനത്തിൽനിന്ന് മറ്റൊരു വനത്തിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും. ഇതോടെ, ആനകൾക്ക് കൃത്യമായ പരമ്പരാഗത സഞ്ചാരപാതകൾ ഉണ്ടാകും.

ഇത്തരം ഇടനാഴികൾ കൈയേറുന്നതുകാരണമാണ് ആനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നതും മനുഷ്യ-മൃഗ സംഘർഷങ്ങൾ വർധിക്കുന്നതും. ആന ഇടനാഴി നിർമിക്കുന്നതോടെ ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള ആനകളുടെ സഞ്ചാരം കുറയും.

ചിക്കമഗളൂരു ജില്ലയിൽ വനംവകുപ്പിന്റെ പരിധിയിലുള്ള സ്വകാര്യഭൂമി കണ്ടെത്തി ഏറ്റെടുത്ത് ആനയിടനാഴി പുനർനിർമിക്കാനാണ് പദ്ധതിയെന്ന് വനംമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. ഭൂമി ഏറ്റെടുത്ത് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ആന ഇടനാഴിയിലെ സ്വകാര്യഭൂമിയുടെ സാന്നിധ്യം പുനർനിർമാണത്തിന് തടസ്സമായി മാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭൂമി കണ്ടെത്തി ഏറ്റെടുക്കാൻ വകുപ്പ് പദ്ധതിയിടുന്നുണ്ട്. സ്വകാര്യഭൂവുടമകൾക്ക് ബദൽ ഭൂമി നൽകുന്നതിനുള്ള സാധ്യതകൾ ആരായാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആവർത്തിച്ച് ആക്രമിക്കുന്ന ആനകളെ പിടികൂടി പരിശീലിപ്പിച്ച് കാട്ടിലേക്ക് തിരികെവിടുന്നതിനായി ഒരു സോഫ്റ്റ് റിലീഫ് കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ചിക്കമഗളൂരു ജില്ലയിലെ തരിക്കെരെ താലൂക്കിലെ ത്യാഗദബാഗി പ്രദേശത്തെ 5,000 ഏക്കറിൽ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. ഇതിനുള്ള ടെൻഡർ പ്രക്രിയ പൂർത്തിയായി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.