മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ഭരണസമിതി ഇല്ലാത്ത നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടി രക്ഷിതാക്കളെ വീണ്ടും വിഡ്ഢികളാക്കുകയാണെന്ന് യുണൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പുതിയ ഭരണഘടന അനുസരിച്ച് ഡിസംബർ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തുമെന്ന ഭരണസമിതിയുടെ പ്രഖ്യാപനം ഗുരുതരമായ ജനാധിപത്യ ലംഘനവും നടപടിക്രമങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അവർ വ്യക്തമാക്കി.

To advertise here,

ജനാധിപത്യ ലംഘനവും ഭരണഘടനാ ഭേദഗതിയും

പ്രത്യേക ജനറൽ ബോഡി വിളിച്ചുകൂട്ടിയപ്പോൾ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് സി.ആർ (CR) എടുക്കാനുള്ള തീരുമാനം രക്ഷിതാക്കൾ ഏകകണ്‌ഠേന അംഗീകരിച്ചിരുന്നു. എന്നാൽ അജണ്ടയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചർച്ച രക്ഷിതാക്കളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പൂർത്തിയാക്കാനോ അംഗീകാരം നേടാനോ കഴിഞ്ഞിരുന്നില്ല. ചെയർമാർ ക്ഷുഭിതനായി ജനറൽ ബോഡിയിൽ നിന്ന് രണ്ട് തവണ ഇറങ്ങിപ്പോകുകയും, രഹസ്യ വോട്ടെടുപ്പിന് അവസരം നൽകാതെ യോഗം തീരുമാനമൊന്നുമില്ലാതെ അവസാനിക്കുകയുമാണുണ്ടായത്.

എന്നാൽ, രണ്ടു ദിവസത്തിനുശേഷം ഭരണഘടനാ ഭേദഗതി ജനറൽ ബോഡി അംഗീകരിച്ചതായി കാണിച്ച് രക്ഷിതാക്കൾക്ക് സർക്കുലർ അയച്ചത് തികച്ചും തെറ്റായ നടപടിയാണ്. ഭേദഗതി അംഗീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മിനിറ്റ്‌സും വോട്ടെടുപ്പ് രേഖകളും രക്ഷിതാക്കൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.

സ്മാർട്ട് ക്ലാസ് റൂമും സാമ്പത്തിക സമാഹരണവും

കഴിഞ്ഞ 12 വർഷത്തെ നേട്ടമായി ഭരണസമിതി ഉയർത്തിക്കാട്ടുന്ന സ്മാർട്ട് ക്ലാസ് റൂം സംവിധാനം കേവലം അവകാശവാദം മാത്രമാണ്. ക്ലാസ് മുറികളിൽ ടെലിവിഷൻ മോണിറ്ററുകൾ സ്ഥാപിച്ചതുകൊണ്ടു മാത്രം ഒരു ക്ലാസ് മുറി സ്മാർട്ടാകില്ല. ഡിജിറ്റൽ പഠനസാമഗ്രികൾ ഉപയോഗിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകാത്തിടത്തോളം ഇത് കുട്ടികൾക്ക് ബ്ലാക്ക് ബോർഡ് മാത്രമാണ്.

എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കാതെ സ്മാർട്ട് ക്ലാസിന്റെ പേരിൽ പ്രതിമാസം ഓരോ ദിനാർ വീതം 12,000 കുട്ടികളിൽ നിന്ന് വർഷത്തിൽ ലക്ഷക്കണക്കിന് ദിനാറുകളാണ് സ്‌കൂൾ സമാഹരിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിലെ പരാജയം

നീണ്ട 12 വർഷത്തെ ഭരണത്തിനിടയിൽ സ്‌കൂളിന് ആവശ്യമായ ഒരു അടിസ്ഥാന വികസനം പോലും നടത്താൻ നിലവിലെ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇസാടൗൺ കാമ്പസ്സിൽ വൃത്തിയുള്ള ശുചിമുറികൾ പോലും ഒരുക്കാൻ സാധിക്കാത്തവരാണ് ഇല്ലാത്ത നേട്ടങ്ങൾ എണ്ണിപ്പറയുന്നത്.

നേരത്തെ യു.പി.പി ഭരണകാലത്താണ് സിത്രയിലെ ചെറിയ സൗകര്യങ്ങളിൽ നിന്ന് റിഫയിൽ വലിയ കാമ്പസ് നിർമ്മിച്ച് വിദ്യാർത്ഥികളുടെ എണ്ണം 6,000-ൽ നിന്ന് 12,000 ആയി ഉയർത്തിയതെന്നും മുൻപില്ലാത്ത വിധം വികസനം കാഴ്ചവെച്ചതെന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ഏതെങ്കിലും വ്യക്തികളുടെയോ ഭരണസമിതിയുടെയോ സ്വകാര്യ സ്വത്തല്ലെന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിശ്വാസമാണ് ഈ സ്ഥാപനത്തിന്റെ ശക്തിയെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ ഡോ. സുരേഷ് സുബ്രമണ്യം, ഹിളർ വലിയകത്ത്, എഫ്.എം. ഫൈസൽ, ചന്ദ്രബോസ്, സുനീഷ് സുശീലൻ, റഫീക്ക് അബ്ദുള്ള, അബ്ബാസ് സേഠ്, ഫിലിപ്പ് കറുകച്ചാൽ, ഷിബിൻ തോമസ്, ദേവദാസ് നായർ എന്നിവർ പങ്കെടുത്തു.