മനാമ: പ്രവാസലോകത്ത് ഓണത്തിന്റെ പെരുമയും കേരളീയ പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതി ബഹ്റൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരം അരങ്ങേറി. സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണം 2026'ന്റെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരം വർണാഭമായ കാഴ്ചകളാൽ ശ്രദ്ധേയമായി. ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ ബഹ്റൈൻ കേരളീയ സമാജം വനിതാവേദി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'ധിമി' രണ്ടാം സ്ഥാനവും 'ജി.എസ്.എസ്' മൂന്നാം സ്ഥാനവും നേടി.

To advertise here,

സമാജം ബാബുരാജൻ ഹാളിൽ നടന്ന പൂക്കള മത്സരം കാണാനും ഓണാഘോഷങ്ങളുടെ ഭാഗമാകാനും നിരവധി പ്രവാസി മലയാളികളാണ് എത്തിയത്. കേരളത്തിന്റെ ഓണപ്പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രവാസമണ്ണിലും തലമുറകളിലേക്ക് പകർന്നുനൽകുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.

രജിത അനിയും ,ജഗദീഷ് ശങ്കറും കൺവീനർമാരായി പ്രവർത്തിച്ചു. അനീഷ് അമ്പലത്തിലും നിത ബിറ്റോയും മത്സരത്തിന്റെ ഏകോപനച്ചുമതല നിർവഹിച്ചു.