മനാമ: ബഹ്‌റൈനിലെ പ്രവാസി വിദ്യാർഥികൾക്ക് വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നതിനായി പ്രാദേശികമായി സൗകര്യമൊരുക്കണമെന്ന് ഇൻഡക്സ് ബഹ്‌റൈൻ അധികൃതരോട് ആവശ്യപ്പെട്ടു.

To advertise here,

മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ പരീക്ഷകൾ എഴുതാൻ കഴിയാത്തത് വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്കായി മികച്ച രീതിയിലുള്ള മൂല്യനിർണ്ണയ മാനദണ്ഡം രൂപപ്പെടുത്തി ഫലം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.

നിലവിലെ സാഹചര്യത്തിൽ ജെ.ഇ.ഇ മെയിൻ ഉൾപ്പെടെയുള്ള എൻട്രൻസ് പരീക്ഷകളിൽ പങ്കെടുക്കേണ്ട നിരവധി വിദ്യാർഥികൾ ബഹ്‌റൈനിലും മറ്റ്ഗൾഫ് രാജ്യങ്ങളിലുമുണ്ട്. എന്നാൽ നാട്ടിലേക്ക് യാത്ര ചെയ്യുക എന്നത് ഇവർക്ക് നിലവിൽ പ്രയാസകരമായ കാര്യമാണ്.

പ്രത്യേകിച്ച് വിമാന ടിക്കറ്റുകളുടെ അമിത നിരക്ക് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയൊരു തടസ്സമായി നിൽക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ജെ.ഇ.ഇ. പരീക്ഷയും മറ്റ് പ്രവേശന പരീക്ഷകളും വിദ്യാർഥികൾക്ക് ഇവിടെ തന്നെ എഴുതാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡക്സ് ബഹ്‌റൈൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിക്കും ഇന്ത്യൻ അംബാസഡർക്കും കത്തയച്ചു.

വിവിധ മേഖലകളിൽ വലിയ തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ബഹ്‌റൈനിൽ തന്നെ പരീക്ഷാ സൗകര്യം ലഭ്യമാക്കുകയാണെങ്കിൽ അത് രക്ഷിതാക്കൾക്കും കുട്ടികൾക്കും വലിയ ഉപകാരപ്രദമായിരിക്കുമെന്ന് ഇൻഡക്സ് ബഹ്‌റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുള്ള വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.