മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന പരിപാടി പ്രസിഡന്റ് സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. മികച്ച മാനുഷിക വിഭവശേഷിയുള്ള ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് കൗമാരവും യൗവനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വായനയും പഠനവും കൊണ്ട് പൗരബോധവും സേവന സന്നദ്ധതയും ശക്തമാക്കണമെന്നും ക്രിയാത്മകമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ടീൻ ഇന്ത്യ സെക്രട്ടറി റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. റിഫ ഏരിയ ടീൻസ് ടീം അവതരിപ്പിച്ച മോഡൽ പാർലമെന്റ്, 'ഭരണഘടന അറിയേണ്ടതും പറയേണ്ടതും' എന്ന വിഷയത്തിൽ അഫ്‌നാൻ ഷൗക്കത്തലി, ഫാത്തിമ ജന്ന എന്നിവർ അവതരിപ്പിച്ച പ്രസന്റേഷൻ, ഫാത്തിമ ഖൻസ, ഹനാൻ മഹ്‌മൂദ് എന്നിവരുടെ പ്രസംഗങ്ങൾ, മുഹമ്മദ് നോഷിൻ അവതരിപ്പിച്ച ക്വിസ് പ്രോഗ്രാം തുടങ്ങിയവ റിപ്പബ്ലിക് ദിനത്തെ കുറിച്ച് കൂടുതൽ അറിയാൻ സഹായകമായി.

തബിൻ നജാഹ് ഗാനമാലപിച്ചു. തുടർന്ന് ഫ്ലാഗ് പാസിങ്ങ് നടത്തി. തഹിയ ഫാറൂഖ്, തമന്ന നസീം എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു. ആയിശ നദ്‌വ, ഫിൽസ ഫൈസൽ എന്നിവർ അവതാരകരായിരുന്ന പരിപാടിയിൽ ടീൻ ഇന്ത്യ റിഫ ഏരിയ കൺവീനർ ഷാനി റിയാസ്, മുഹറഖ് ഏരിയ കൺവീനർ ഫസീല അബ്ദുല്ല, മനാമ ഏരിയ കൺവീനർ ബുഷ്‌റ ഹമീദ്, ടീൻ ഇന്ത്യ ഉപദേശക സമിതിയംഗം നൂറ ഷൗക്കത്തലി, സിഞ്ച് യൂനിറ്റ് കൺവീനർ മിഷാൽ, മനാമ യൂനിറ്റ് കൺവീനർ ഹസ്‌ന, അലി യൂണിറ്റ് കൺവീനർ ഷബീഹ ഫൈസൽ, ഫസീല മുസ്തഫ എന്നിവർ നേതൃത്വം നൽകി.