ദോഹ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യൻ ഭരണഘടനയാണെന്നും ഭരണഘടനാ മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപ്പബ്ലിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്ലസും അൽ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എല്ലാവർക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു.

To advertise here,

ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്റെ മുന്നിൽ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേർന്നതാണ് യഥാർത്ഥ ജനാധിപത്യം. ഈ മൂല്യങ്ങൾ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്. അതിനാൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല, അത് നമ്മൾ കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങൾ ജീവിതത്തിൽ നടപ്പിലാക്കി ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറുമ്പോഴാണ് ഇന്ത്യയുടെ ജനാധിപത്യം കൂടുതൽ ശക്തമാകുന്നത്. ഇക്കാര്യങ്ങളൊക്കെ നമ്മെ ഓർമപ്പെടുത്തുന്ന ദിനമാണ് റിപ്പബ്ലിക് ദിനമെന്ന് പ്രാസംഗികർ ഊന്നിപ്പറഞ്ഞു.

ഇൻകാസ് പ്രസിഡണ്ട് സിദ്ധീഖ് പുറായിൽ ചർച്ച ഉദ്ഘാടനം ചെയ്തു. ഐസിസി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, ഇൻകാസ് സീനിയർ വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുറഹിമാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സത്യേന്ദ്ര പഥക്, ക്യാപ്റ്റൻ ദീപക് മഹാജൻ, അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.വി.വി.ഹംസ, ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ.ഷീല ഫിലിപ്പ്, ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ സിദ്ധീഖ് ചെറുവല്ലൂർ, വ്‌ളോഗർ രതീഷ് എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും ഫാദിയ ഹംസ നന്ദിയും പറഞ്ഞു.