To advertise here,

കണിച്ചുകുളങ്ങര: റിപ്പബ്ലിക് ദിനത്തിന് മുൻപായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്മഭൂഷൺ അവാർഡ് നേടിയ മലയാളികളിൽ ഒരാളായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നതായാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴിതാ റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. തിങ്കളാഴ്ച കണിച്ചുകുളങ്ങരയിലെ വസതിയിൽ വെച്ചാണ് വെള്ളാപ്പള്ളി ദേശീയ പതാക ഉയർത്തിയത്.

സാമൂഹിക മാധ്യമങ്ങളിലാണ് ഈ ചിത്രം അദ്ദേഹം പങ്കുവെച്ചത്. 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്നലെ കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വസതിയിൽ സിഐഎസ്എഫ് ധീരജവാൻമാരുടെ സാന്നിദ്ധ്യത്തിൽ ദേശീയ പതാക ഉയർത്തിയപ്പോൾ. - ചിത്രം പങ്കുവെച്ചുകൊണ്ട് വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ നൽകിയ പദ്മഭൂഷൺ സവിനയം സ്വീകരിക്കുന്നതായും ഈ അംഗീകാരം ശ്രീനാരായണഗുരുപാദങ്ങളിൽ സമർപ്പിക്കുന്നുവെന്നും പുരസ്‌കാരനേട്ടമറിഞ്ഞ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

സമുദായത്തിലെ സാധാരണക്കാർ തനിക്കുതന്ന ശക്തിയും പിൻബലവുമാണ് ദുർഘടപാതകളിൽ പ്രചോദനമായത്. പലരും അവാർഡുകൾക്കായി ശുപാർശകളുമായി പോകാറുണ്ട്. എന്നാൽ, താൻ അത്തരക്കാരനല്ല. ആരെങ്കിലും അവാർഡുമായി വന്നാൽ നിരുത്സാഹപ്പെടുത്താറാണു പതിവ്. കേന്ദ്രസർക്കാർ തന്നെ പരിഗണിച്ചതിന്റെ മാനദണ്ഡമറിയില്ല. സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരമാണിത്. ഇതിനു സമുദായത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.