മനാമ: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ഇ കെ  നായനാര്‍ അനുസ്മരണം ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.  പ്രതിഭ ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് പ്രസിഡന്റ് ബിനു മണ്ണില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരന്‍ സുബ്രഹ്മണ്യന്‍ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എന്‍ വി ലിവിന്‍ കുമാര്‍ രാഷ്ട്രീയ വിശദീകരണവും നടത്തി.

To advertise here,

കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു  ഇ കെ നായനാര്‍ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തില്‍ ഉള്‍പ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്‌നേഹിയും കൂടെയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തില്‍ നിരന്‍ സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുടെ പേരില്‍ ആരംഭിച്ച വ്യാപാര യുദ്ധത്തിന് താത്ക്കാലികമായ ഒരു വിരാമം ഉണ്ടായത് എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥക്ക് ആശ്വാസമേകുന്ന ഒന്നാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തില്‍ എന്‍.വി ലിവിന്‍ കുമാര്‍ ചൂണ്ടിക്കാട്ടി.