മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരേ നടപടി ആവശ്യപ്പട്ട് ബഹ്‌റൈന്‍ പലിശ വിരുദ്ധ സമിതി. ഈ സംഘങ്ങള്‍ക്കെതിരെ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നില്‍ക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും ബഹ്‌റൈനില്‍ ഏറെക്കാലമായി സജീവമാണ്. ഇവരുടെ ചൂഷണത്തിനിരയായി സാധാരണക്കാരായ പ്രവാസികളുടെ ജീവനും ജീവിതവും നഷ്ടപ്പടുകയോ താറുമാറാവുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുകയാണ്. പലിശക്കാരന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന പ്രവാസിയുടെ ഭാര്യയും കുടുംബവും അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ആ ഹതഭാഗ്യനായ പ്രവാസി പലിശക്കാരന് അയച്ച ശബ്ദസന്ദേശം ഇതിലേക്ക് വിരല്‍ചൂണ്ടുന്നതും വളരെ വേദനാജനകവും മനഃസാക്ഷിയുള്ള ഏതൊരാളെയും പ്രയാസപ്പടുത്തുന്നതുമാണെന്നും പലിശ വിരുദ്ധ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

To advertise here,

ബഹ്‌റൈനില്‍ യുവാവ് ആത്മഹത്യ ചെയ്തതിന് കാരണക്കാരായ കൊള്ളപ്പലിശക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പട്ട് ഭാര്യ അധികൃതര്‍ക്ക് പരാതി നല്‍കിയത് ഈയിടെയാണ്. സനദിലെ ഒരു കടയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ പി.സി. രാജീവന്‍ (40) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നീതി തേടി ഭാര്യ പി.എം. സിംജിഷ രംഗത്തത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26-ന് വൈകിട്ടാണ് രാജീവനെ ഹമലയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണശേഷം ഇദ്ദേഹത്തിന്റ സഹോദരീ ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊള്ളപ്പലിശക്കാരുടെ ക്രൂരതയിലേക്ക് വിരല്‍ചൂണ്ടുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ കണ്ടെത്തിയത്. മലപ്പുറം തിരൂര്‍ സ്വദേശിയില്‍ നിന്ന് രാജീവന്‍ അമിത പലിശക്ക് പണം വാങ്ങിയിരുന്നുവെന്നും അയാളുടെ ഭീഷണിയും മാനസിക സമ്മര്‍ദ്ദവും സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പലിശക്കാരനും ബന്ധുവിനും ഇതുസംബന്ധിച്ച് വാട്‌സാ പ്പില്‍ ശബ്ദസന്ദേശമയച്ച ശേഷമായിരുന്നു മരണം.

കൊള്ളപ്പലിശക്കാരന്റെ നിര്‍ദേശപ്രകാരം രാജീവന്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ചതിന്റെ രേഖകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഉപജീവനാര്‍ഥം നാടും വീടും വിട്ടു മണലാരണ്യത്തില്‍ എത്തിപ്പെടുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന കൊള്ളപ്പലിശക്കാരെ ബഹ്‌റൈനിലെ അധികാരി സമൂഹത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതിന് ഇവിടെയുള്ള സാമൂഹിക ഉത്തരവാദിത്വമുള്ള മുഴുവന്‍ സംഘടനകളും നേതാക്കളും ശ്രമിക്കണമെന്നും പലിശ വിരുദ്ധസമിതി അഭ്യര്‍ത്ഥിച്ചു.