
പുതുച്ചേരി: വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പുതുച്ചേരി സ്വദേശിയും നടന് വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രികഴകത്തിന്റെ(ടിവികെ) പ്രാദേശിക ഭാരവാഹിയുമായ വിക്രം(33) ആണ് മരിച്ചത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും വിവിധ പണമിടപാടുകാരുടെ വിവരങ്ങള്‍ കുറിപ്പിലുണ്ടെന്നും പോലീസ് പറഞ്ഞു.
കോഴിക്കടയില്‍ ജോലിചെയ്തിരുന്ന വിക്രം വിവിധയാളുകളില്‍നിന്ന് അമിതമായി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. എന്നാല്‍, അപകടത്തില്‍പ്പെട്ട് കിടപ്പിലായതോടെ ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് പലിശസംഘങ്ങള്‍ യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
വട്ടിപ്പലിശക്കാരെ സംബന്ധിച്ച് ഞെട്ടിക്കുന്നവിവരങ്ങളാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഒരാളില്‍നിന്ന് 3.8 ലക്ഷം രൂപ വായ്പയെടുത്തതിന് മാസം 38,000 രൂപയാണ് പലിശയായി നല്‍കിയിരുന്നതെന്നാണ് വിക്രം കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നത്. 30,000 രൂപ വായ്പ വാങ്ങിയതിന് മറ്റൊരാള്‍ മാസം 6000 രൂപയാണ് പലിശയായി ആവശ്യപ്പെട്ടത്.
തിരിച്ചടവ് മുടങ്ങിയതോടെ തന്റെ ഭാര്യയെയും മകളെയും വീട്ടിലേക്ക് അയക്കാനാണ് മറ്റൊരു പലിശക്കാരന് ആവശ്യപ്പെട്ടതെന്നും വിക്രം കുറിപ്പില്‍ വെളിപ്പെടുത്തി. തന്റെ ഭാര്യയെയും മകളെയും സംരക്ഷിക്കണമെന്ന് നടന് വിജയിനോട് വിക്രം കുറിപ്പിലൂടെ ആവശ്യപ്പെടുകയുംചെയ്തു.
അതേസമയം, യുവാവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചവരുടെ പേരുവിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A Puducherry man, Vikram, committed suicide due to harassment from loan sharks.
Published: 04 Jul 2025, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented