മനാമ: നോർക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വൻ വർധന പ്രവാസികൾക്കും കുടുംബങ്ങൾക്കും കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ ‘കെയർ നഷ്ടപ്പെട്ട നോർകയും പ്രതീക്ഷ നഷ്ടപ്പെട്ട പ്രവാസികളും’ എന്ന വിഷയത്തിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.
പ്രതിഭ സൽമാനിയ സെന്ററിൽ നടന്ന ചർച്ചയിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരും പങ്കെടുത്തു. പ്രതിഭ ജനറൽ സെക്രട്ടറി വി. കെ. സുലേഷ് സ്വാഗതം ആശംസിച്ചു. സുബൈർ കണ്ണൂർ മോഡറേറ്ററായി. പി. ശ്രീജിത്ത്, അനസ് റഹീം, മൊയ്തീൻകുട്ടി പുളിക്കൽ, കെ. ടി. സലീം എന്നിവരടങ്ങിയ പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി.
നിലവിലുണ്ടായിരുന്ന മറ്റ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക കെയറിൽ അംഗങ്ങളായ പ്രവാസികൾക്ക് പ്രീമിയം വർധന വലിയ തിരിച്ചടിയായെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പദ്ധതിയിൽ ചേർന്നവർ ഇപ്പോൾ ആശങ്കയിലാണെന്നും ഉയർന്ന പ്രീമിയം താങ്ങാനാകാതെ പദ്ധതിയിൽ തുടരാൻ കഴിയാത്ത സാഹചര്യം സാധാരണക്കാരായ പ്രവാസികളെ പ്രതിസന്ധിയിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ജനകീയവും സാമ്പത്തികമായി താങ്ങാനാകുന്നതുമായിരിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. പ്രീമിയം വർധനയുടെ സാഹചര്യവും പദ്ധതിയുടെ ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും പ്രവാസികളുടെ ആശങ്കകൾ പരിഗണിക്കണമെന്നും പങ്കെടുത്തവർ ആവശ്യപ്പെട്ടു.
നോർക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ പ്രീമിയം നിരക്കുകൾ കേരള സർക്കാരും നോർകയും അടിയന്തരമായി പുനഃപരിശോധിക്കണമെന്നും മറ്റ് ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് നോർക കെയറിൽ ചേർന്നവർക്ക് ആരോഗ്യപരിരക്ഷ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ചർച്ചാസദസ്സ് ആവശ്യപ്പെട്ടു. പ്രവാസികളുടെ വിശ്വാസവും പ്രതീക്ഷയും സംരക്ഷിക്കുന്ന അനുകൂല തീരുമാനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Content Highlights: Bahrain Prathibha organised a discussion on the Norka Care insurance premium hike and its impact on expatriates.
Published: 02 Nov 2026, 11:46 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented