മനാമ: ബഹ്റൈൻ സുസ്ഥിര വികസന മന്ത്രിയും സാമ്പത്തിക വികസന ബോർഡിന്റെ (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിന്ത് അലി അൽഖുലൈഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഫ്രാൻസിലേക്കും മൊണാക്കോ പ്രിൻസിപ്പാലിറ്റിയിലേക്കുമുള്ള നാല് ദിവസത്തെ സന്ദർശനം വിജയകരമായി പൂർത്തിയാക്കി. അന്താരാഷ്ട്ര വിപണികളിൽ രാജ്യത്തിന്റെ മത്സരാധിഷ്ഠിത നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാല സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്ന പങ്കാളിത്തങ്ങൾ വളർത്തുന്നതിനുമുള്ള ഇ.ഡി.ബിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. സന്ദർശന വേളയിൽ സർക്കാർ പങ്കാളികൾ, നിക്ഷേപകർ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവരുമായി ഉന്നതതല ചർച്ചകൾ നടത്തി.

To advertise here,

ഫ്രാൻസിലെ സന്ദർശനത്തിനിടെ പ്രമുഖ ബിസിനസ് നേതാക്കളുമായും തന്ത്രപ്രധാന പങ്കാളികളുമായും കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചു. ലോകപ്രശസ്ത സൈക്ലിങ് മത്സരമായ 'ടൂർ ഡി ഫ്രാൻസ് 2026'-ന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നത് ഇതിൽ പ്രധാനമാണ്. അവിടെ ഒരുക്കിയ രാജ്യത്തിന്റെ പവലിയൻ അന്താരാഷ്ട്ര നിക്ഷേപകർക്കും എക്സിക്യൂട്ടീവുകൾക്കുമായി മികച്ചൊരു സംവാദ വേദിയായി മാറി.

മൊണാക്കോയിൽ വിദേശകാര്യ-സഹകരണ മന്ത്രി ഇസബെല്ലെ ബെറോ-അമാഡെ, ഇൻവെസ്റ്റ് മൊണാക്കോ സി.ഇ.ഒ ലുഡ്മില്ല റാക്കോനാറ്റ് ലെ ഗോഫ് എന്നിവരുമായും പ്രതിനിധി സംഘം ചർച്ചകൾ നടത്തി. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വളർച്ചയ്ക്കുള്ള പുതിയ സാധ്യതകൾ കണ്ടെത്താനുമാണ് കൂടിക്കാഴ്ച ലക്ഷ്യമിട്ടത്.

ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള 177 വർഷത്തെ നയതന്ത്ര ബന്ധത്തിൽ ഈ സന്ദർശനം വലിയ പ്രാധാന്യമർഹിക്കുന്നു. നിലവിൽ ബി.എൻ.പി പാരിബാസ്, വിൻസി എനർജീസ് തുടങ്ങിയ പ്രമുഖ ഫ്രഞ്ച് കമ്പനികൾ ബഹ്റൈനിൽ സജീവമാണ്. അടിസ്ഥാന സൗകര്യ വികസനം, ഊർജം, സാമ്പത്തിക സേവനങ്ങൾ, നിർമാണം, വ്യോമയാനം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ സന്ദർശനം സഹായിച്ചതായി വിലയിരുത്തപ്പെടുന്നു.