മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തിയ ചരടുപിന്നിക്കളിക്കിടെ കുട്ടിയെ ചരടിൽ കെട്ടിത്തൂക്കിയ സംഭവം വിവാദത്തിൽ. നൃത്തം അവസാനിക്കുന്നതുവരെ കുട്ടികളെ കെട്ടിത്തൂക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കുട്ടികളെ മാറ്റിനിർത്തി, ഒപ്പം കളിക്കുന്ന മുതിർന്നവർ ആർക്കെങ്കിലും ഇത് ചെയ്യാമായിരുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. വിവാദം കൊഴുത്തതോടെ, സംഭവത്തിൽ വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം രംഗത്തെത്തിയിട്ടുണ്ട്.
പരിപാടി നേരിട്ടു കാണാതെ, ചിത്രങ്ങളുടെയും വിഡിയോകളുടെയും ചില ദൃശ്യങ്ങൾ മാത്രം കണ്ടുകൊണ്ട് വിമർശിക്കുന്നത് നിർഭാഗ്യകരവും വസ്തുതാവിരുദ്ധവുമാണെന്ന് സമാജം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കേരളത്തിൽ ഏതാണ്ട് അന്യംനിന്നുപോയ ഒരു കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പരിപാടി ഒരുക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി. പാട്ടിനും ചുവടുകൾക്കുമൊപ്പം ചരടുകൾ പിന്നി രൂപങ്ങൾ നിർമ്മിക്കുകയും പിന്നീട് അത് അഴിച്ചെടുക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. കുട്ടികൾ പ്രായമായവരുടെ ചുമലിൽ കയറിനിന്ന് (മിക്കവരും സ്വന്തം പിതാക്കന്മാരുടെ ചുമലിൽ) റോപ്പിൽ പിടിച്ചുനിൽക്കുകയും, അവർക്കു ചുറ്റും ചരടുകൊണ്ട് ഒരു കവചം തീർക്കുകയുമാണ് ഇതിന്റെ സാമ്പ്രദായിക രീതിയെന്നും സമാജം വിശദീകരിച്ചു.
രണ്ടു മാസത്തോളം മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ പരിശീലനം നടത്തിയ ശേഷമാണ് ഇത് വേദിയിൽ അവതരിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ദിവസങ്ങളോളം നടന്ന പരിശീലനം ഭാരവാഹികൾ നേരിട്ടുകണ്ട്, കുട്ടികൾക്ക് യാതൊരുവിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും പരിപാടി ഏറെ ആസ്വദിച്ചെന്നും, കാണാനെത്തിയ നൂറുകണക്കിനാളുകളിൽ ഒരാൾപോലും തെറ്റായ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സമാജം കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല സമാജത്തിൽ ഈ കലാരൂപം അവതരിപ്പിക്കുന്നത് എന്നും, സമാജത്തിനു പുറത്ത് സ്വദേശികളുടെയും വിദേശികളുടെയും സാന്നിധ്യത്തിൽ മുൻപും ഇത് ഒന്നിലധികം തവണ അവതരിപ്പിച്ചിട്ടുണ്ടെന്നും സമാജം അറിയിച്ചു.
വളരെ ചെറിയ പ്രായത്തിൽ അപകടകരമായ ഏറോബിക്, അക്രോബാറ്റിക് നൃത്തങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും, തനതു കല അതേപടി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ കട്ട് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തിൽ വിമർശിക്കുകയും ചെയ്യുന്നത് ഖേദകരമാണെന്നും ചൂണ്ടിക്കാട്ടി. എങ്കിലും, ഉയർന്നുവന്ന വാർത്തയെ സമാജം കമ്മിറ്റി ഗൗരവത്തോടെ കാണുന്നുണ്ടെന്നും, കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിന് മുൻഗണന നൽകുമെന്നും സമാജം ഉറപ്പുനൽകി.
സമാജം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടുവന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്.
ഓണാഘോഷപരിപാടികളുടെ ഭാഗമായി സമാജം വനിതാവേദി സെപ്റ്റംബർ 18 ന് അവതരിപ്പിച്ച " ചരടു പിന്നിക്കളി " യെ സംബന്ധിച്ച് അതു നേരിട്ട് കാണാതെയും, അതിന്റെ ഏതാനും ഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോദൃശ്യങ്ങളും മാത്രം കണ്ടുകൊണ്ടും വിമർശിക്കുന്നത് നിർഭാഗ്യകരവും വാസ്തവവിരുദ്ധവുമാണ്.
ബഹ്‌റൈൻ കേരള സമാജം ഒരു വലിയ കുടുംബം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കേരളത്തിന്റെ പൈതൃകമായ കലകൾ അവതരിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ സമാജം ഇത്തവണ അവതരിപ്പിച്ച പല പരിപാടികളിൽ ഒന്നു മാത്രമാണ് ചരടു പിന്നിക്കളി.
കേരളത്തിൽ ഏതാണ്ട് അന്യം നിന്നുപോയ ഈ കലാരൂപത്തെ പുനർജീവിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.പാട്ടിനും ചുവടുകൾക്കുമൊപ്പം ചരടുകൾ പിന്നി രൂപങ്ങൾ സൃഷ്ടിക്കുകയും, പിന്നീട് അതു അഴിക്കുകയും ചെയ്യുക എന്നതാണ് ഈ കലാരൂപം ചെയ്യുന്നത്. കുട്ടികളും ഈ കലാരൂപത്തിന്റെ ഭാഗമാണ്. കുട്ടികൾ പ്രായമായവരുടെ ചുമലിൽ കയറിനിന്നു (മിക്കവരും അവരുടെ പിതാക്കളുടെ ചുമലിലാണ് നിന്നത് )റോപ്പിൽ പിടിച്ചു നിൽക്കുകയും അവർക്കുചുറ്റും ചരടുകൊണ്ട് ഒരു കവചം തീർക്കുകയും ചെയ്യുന്നതാണ് ഇതിന്റെ സാമ്പ്രദായിക രീതി.
ദിവസങ്ങളോളം പരീശലനം നടത്തുകയും, ഭാരവാഹികൾ പരിശീലനം നേരിട്ട് കണ്ട് കുട്ടികൾക്ക് ഒരുവിധ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലെന്നു ബോധ്യപ്പെടുകയും ചെയ്തതത്തിനു ശേഷമാണ് വേദിയിൽ അവതരിപ്പിച്ചത്. എന്നുമാത്രമല്ല പങ്കെടുത്ത കുട്ടികളും മാതാപിതാക്കളും ആസ്വദിക്കുകയും ചെയ്തിരുന്നു.
ഈ കലാരൂപം സമാജത്തിൽ അവതരിപ്പിക്കുന്നത് ഇതാദ്യമല്ല. സമാജത്തിനു പുറത്ത് സ്വദേശികളുടെയും വിദേശികളുടെയും സാന്നിധ്യത്തിൽ ഇത് ഒന്നിലധികം തവണ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ്.
ഏതാണ്ട് രണ്ടുമാസക്കാലത്തെ പരിശീലനത്തിന് ശേഷം മതിയായ സുരക്ഷാ ക്രമീകരണത്തോടെ ചെയ്ത ഈ നൃത്തം കാണാൻ നൂറു കണക്കിനാളുകൾ എത്തുകയും അവരെല്ലാം ആസ്വദിക്കുകയും ചെയ്തിരുന്നു. കാണികളിൽ ഒരാൾ പോലും തെറ്റായ അഭിപ്രായം പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
വളരെ ചെറിയ പ്രായത്തിൽ അപകടകരമായ acrobatic & aerobic നൃത്തങ്ങൾ സന്തോഷത്തോടെ നോക്കിക്കാണുകയും, അഭിനന്ദിക്കുകയും ചെയ്യുമ്പോൾ കേരളത്തിന്റെ തനതായ ഒരു കല അതേ പടി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ കട്ട് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ അതിനെ വിമർശിക്കുന്നത് നിഭാഗ്യകരമാണ്. (സമാജത്തിന്റെ ബാല കലോത്സവങ്ങളിൽ ഏയറോബിക് ഡാൻസുകളിൽ കാണുന്ന അപകടകരമായ ചാട്ടങ്ങളും റോപ്പ് കൊണ്ടുള്ള അഭ്യാസങ്ങളും നിരോധിച്ചതും ഇപ്പോഴത്തെ ഭരണ സമിതിയാണ്).
തന്നെയുമല്ല ഈ പരിപാടി സംഘടിപ്പിച്ചത് സമാജത്തിലെ അമ്മമാരുടെ കൂട്ടായ്മയായ വനിതാ വേദിയാണ് എന്നതും എടുത്ത് പറയേണ്ടതാണ്.
ഗൾഫിൽ നിലനിൽക്കുന്ന സംഘർഷം മൂലം മാനസികമായും സാമ്പത്തികമായും വിഷമിച്ചിരിക്കുന്ന പ്രവാസികളുടെ മാനസികോല്ലാസത്തിനായി രണ്ടു മാസക്കാലത്തെ ഓണാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
കഴിയുന്നത്ര പ്രവാസികളെ പരിപാടികളിൽ പങ്കെടുപ്പിക്കുകയും, എല്ലാവർക്കും ആസ്വദിക്കാവുന്ന പരിപാടികളൊരുക്കുകയും ചെയ്യുക എന്ന സദുദ്ദേശം മാത്രമേ സമാജത്തിനു ഉള്ളൂ. വൈവിധ്യമുള്ള പരിപാടികൾ സമാജം ക്രമീകരിക്കുന്നതും അതുകൊണ്ട് മാത്രമാണ്.
അംഗങ്ങളുടെ മാത്രം സംഘടനയായ സമാജം മുഴുവൻ പ്രവാസികൾക്കുമായി തുറന്നു കൊടുക്കുകയും, സമാനതകളില്ലാത്ത സാമൂഹ്യസാംസ്കാരികകാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ 80 വർഷമായി നിർവഹിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. മലയാളികളുടെ വിജ്ഞാനത്തിലും വിനോദത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണ് ഇത് . ഭാവിയിലും അങ്ങിനെ മാത്രമായിരിക്കും പ്രവർത്തിക്കുന്നതും.
വസ്തുതകളിങ്ങനെയൊക്കെയാണെങ്കിലും, ഇത്തരത്തിൽ ഒരു വാർത്തയെ സമാജം കമ്മറ്റി ഗൗരവമായി കാണുന്നു. അംഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും വനിതകളുടെയും സുരക്ഷിതത്വത്തിനും അഭ്യുദയത്തിനും മുൻഗണന നൽകുമെന്ന് ഒരിക്കൽ കൂടി ഉറപ്പ് നൽകുകയും ചെയുന്നു.
ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി! അഭിനന്ദനങ്ങൾ.
Content Highlights: Bahrain Keraleeya Samajam released an official explanation following severe social media criticism over a traditional folk art performance where children were featured using ropes.
Published: 21 Sept 2026, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented