മനാമ : ജിസിസി മേഖലയിലെ വ്യാവസായിക-ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നതിനായി അടുത്ത 24 മാസത്തിനുള്ളിൽ 1.5 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ ആർകാപിറ്റ ഒരുങ്ങുന്നു. ജിസിസി രാജ്യങ്ങളിലായി നിലവിൽ 2 ബില്യൺ ഡോളറിലധികം മൂല്യമുള്ള വ്യാവസായിക റിയൽ എസ്റ്റേറ്റ് ആസ്തികൾ കൈകാര്യം ചെയ്യുന്ന ആർകാപിറ്റ, മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ വ്യാവസായിക റിയൽ എസ്റ്റേറ്റ് നിക്ഷേപകരിൽ ഒരാളാണ്.

To advertise here,

ജിസിസി മേഖലയിലെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന വ്യാവസായിക, ലോജിസ്റ്റിക്‌സ് ആസ്തികളിലായിരിക്കും നിക്ഷേപം പ്രധാനമായും കേന്ദ്രീകരിക്കുക.

ആഗോള ബദൽ നിക്ഷേപ സ്ഥാപനമായ ആർകാപിറ്റ ഗ്രൂപ്പ് ഹോൾഡിങ്‌സ് ലിമിറ്റഡ് 2026 നവംബർ 2-ന് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലാണ് പ്രഖ്യാപനം നടത്തിയത്. ബഹ്‌റൈനോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും പ്രാദേശിക സാമ്പത്തിക-നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിനുള്ള സ്ഥാനവും ഈ നീക്കം അടിവരയിടുന്നു. ബദൽ നിക്ഷേപങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ജിസിസി മേഖലയിലുടനീളം സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും സുസ്ഥിര വളർച്ചയ്ക്കും പിന്തുണ നൽകാനുള്ള കമ്പനിയുടെ ശ്രമങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു.

പ്രധാന ജിസിസി വിപണികളിൽ ഉയർന്ന നിലവാരമുള്ള വ്യാവസായിക, ലോജിസ്റ്റിക്‌സ് ആസ്തികൾ വികസിപ്പിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമാണ് നിക്ഷേപ പദ്ധതി മുൻഗണന നൽകുക. പ്രമുഖ പ്രാദേശിക, അന്താരാഷ്ട്ര ഉപഭോക്താക്കളുടെ പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന പദ്ധതികൾക്ക് പ്രത്യേക ഊന്നലുണ്ടാകും. ആർകാപിറ്റയുടെ വ്യാവസായിക-ലോജിസ്റ്റിക്‌സ് റിയൽ എസ്റ്റേറ്റ് വികസനത്തിനും ആസ്തി മാനേജ്‌മെന്റിനുമായി പ്രവർത്തിക്കുന്ന പ്രത്യേക പ്ലാറ്റ്‌ഫോമായ ‘ലിന്റാര പ്രോപ്പർട്ടീസ്’ പദ്ധതിക്ക് പിന്തുണ നൽകും.

ജിസിസി മേഖലയിലെ ദീർഘകാല വളർച്ചാ സാധ്യതകളിൽ പൂർണ വിശ്വാസമുണ്ടെന്ന് ആർകാപിറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹിഷാം അൽ റായി പറഞ്ഞു. മേഖലയിലെ സമ്പദ്‌വ്യവസ്ഥകൾ വൈവിധ്യവൽക്കരണത്തിലേക്കും പുതിയ വ്യവസായങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, വിതരണ ശൃംഖലകൾ എന്നിവയിലെ നിക്ഷേപങ്ങളിലേക്കും നീങ്ങുമ്പോൾ വലിയ അവസരങ്ങളാണ് ഉയർന്നുവരുന്നത്. അടുത്ത 24 മാസത്തിനുള്ളിൽ 1.5 ബില്യൺ ഡോളറിലധികം കൂടി നിക്ഷേപിക്കാനുള്ള പദ്ധതി ഈ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. മേഖലയിലുടനീളം റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇതിനകം കൈവരിച്ച മുന്നേറ്റത്തിന് ഇത് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം വ്യക്തമാക്കി.