രാഷ്ട്രീയസ്വാതന്ത്ര്യത്തിനായുള്ള തീക്ഷ്ണപോരാട്ടത്തിന്റെ പശ്ചാത്തലംമാത്രമല്ല, രാജ്യത്തെ ജാതിവിവേചനത്തിന്റെ ദീർഘചരിത്രവും നമ്മുടെ ഭരണഘടനയുടെ രൂപവത്കരണത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്. മൗലികമായ പിഴവുകളുടെ ചരിത്രത്തിൽനിന്നാണ് മൗലികമായ അവകാശങ്ങൾ പിറവിയെടുത്തതെന്നാണ് ഇന്ത്യൻ ഭരണഘടനയെ പരാമർശിച്ച് പറയാറുള്ളത്. കഴിഞ്ഞനൂറ്റാണ്ടിന്റെ പൂർവാർധത്തിൽ നടന്ന ക്ഷേത്രപ്രവേശനസമരങ്ങളുടെ പശ്ചാത്തലവും ഭരണഘടനാനിർമിതിയിൽ സ്വാധീനംചെലുത്തിയതായി കാണാനാകും. എന്നാൽ, ജാതീയമായ വിവേചനങ്ങളെമാത്രമല്ല ഇന്ത്യൻ ഭരണഘടന അഭിസംബോധനചെയ്തത്.

To advertise here,

 

‘മതവുമായി ബന്ധപ്പെട്ട യാതൊരു വിഷയവും സമൂഹത്തിന്റെ വിഷയമല്ലാതാകുന്നില്ല’ എന്ന് അല്ലാഡി കൃഷ്ണസ്വാമി അയ്യർ ഭരണഘടനാനിർമാണസഭയിൽ പറഞ്ഞത് ഇവിടെ ഓർക്കാവുന്നതാണ്.
ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാധികാരച്ചട്ടം 3(എ) ഭേദഗതിചെയ്യേണ്ടതുണ്ടോ എന്നു സർക്കാർ പരിശോധിക്കണമെന്ന കേരള ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ നിർദേശത്തെ വിലയിരുത്തേണ്ടത് ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്. ചട്ടത്തിൽ ‘കാലാനുസൃതമായ ഭേദഗതിയോ പുനഃപരിശോധനയോ’ ആവശ്യമുണ്ടോ എന്ന് ദേവസ്വം ബോർഡ്, തന്ത്രിമാർ, മതപണ്ഡിതർ, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരുമായി ആലോചിച്ച് പരിശോധിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വിവേചനം അവസാനിപ്പിക്കാനും ക്ഷേത്രങ്ങളിൽ എല്ലാവിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കാനുമാണ് 1965-ൽ കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാധികാരനിയമം കൊണ്ടുവന്നതെന്ന് കോടതി എടുത്തുപറഞ്ഞു.

 

ഈ നിയമത്തിന് ചട്ടം രൂപവത്കരിച്ചപ്പോൾ, അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 3(എ) അനുച്ഛേദം കൂട്ടിച്ചേർത്തു. ഇങ്ങനെയൊരുഭാഗം മാതൃനിയമത്തിൽ ഉണ്ടായിരുന്നില്ല. നിയമത്തിൽ ഇല്ലാത്തത് ചട്ടത്തിൽ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.


പത്തനംതിട്ട അടൂർ ശ്രീ പാർഥസാരഥിക്ഷേത്രത്തിൽ 2023-ലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ ക്രിസ്ത്യൻ പുരോഹിതർ അതിഥികളായി പ്രവേശിച്ചത് ആചാരലംഘനമാണെന്ന് ആരോപിച്ചുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി സർക്കാരിനു നിർദേശംനൽകിയത്. അവകാശമുന്നയിച്ചല്ല, തന്ത്രിയുടെ ക്ഷണപ്രകാരമാണ് ക്രിസ്ത്യൻ പുരോഹിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ക്ഷേത്രപ്രവേശനചട്ടങ്ങളുടെ വ്യാഖ്യാനത്തിൽ തർക്കങ്ങളുണ്ടായാൽ പരിശോധിക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി ഇതുകൂടി പറഞ്ഞു: “എല്ലാവരെയും ഉൾക്കൊള്ളുംവിധം സമൂഹം മാറുമ്പോൾ നിയമം വ്യാഖ്യാനിക്കേണ്ടത് ഭരണഘടനാമൂല്യങ്ങളും സാമൂഹിക അഖണ്ഡതയും കണക്കിലെടുത്താകണം. നിയമങ്ങളും ചട്ടങ്ങളും ഭിന്നിപ്പിന് ഇടയാക്കുന്നതാകരുത്. പരസ്പരബഹുമാനവും സഹവർത്തിത്വവും സൃഷ്ടിക്കാനുള്ള ഏകീകൃതശക്തിയായി അത് മാറണം.”

 


ആചാരപരമോ സാമൂഹികസ്ഥാപനപരമോ ആയ വിവേചനങ്ങളിൽ കാലാനുസൃതമായ മാറ്റംവരുത്തണമെന്ന സന്ദേശംതന്നെയാണ് കോടതി നൽകുന്നത്. എന്നാൽ, ഭരണഘടനാദത്തമായ തങ്ങളുടെ അധികാരമുപയോഗിച്ചുള്ളൊരു വിധിപ്രഖ്യാപനത്തിന് കോടതി മുതിർന്നിട്ടില്ല. വിഷയത്തിലെ വൈകാരികവശം കണക്കിലെടുത്തായിരിക്കാം അത്. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച് സമവായത്തിലെത്താനാണ് സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. എല്ലാത്തരം വിവേചനങ്ങളെയും ഉന്മൂലനംചെയ്യുകയെന്നതാണ് നമ്മുടെ ഭരണഘടനയുടെ കാലാതീതമായ സന്ദേശമെന്നതും സമൂഹത്തിൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്നതും കണക്കിലെടുത്തുള്ള നീക്കം ഇക്കാര്യത്തിൽ സർക്കാർ നടത്തുമെന്നു പ്രതീക്ഷിക്കാം.