സാമ്പത്തികസ്ഥിരതയും വളർച്ചയും കൈവരിക്കാനുതകുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിട്ടുള്ളത്.

ബി.ജെ.പി.യെ സംബന്ധിച്ച് മർമപ്രധാനമെന്നു പറയാവുന്ന തിരഞ്ഞെടുപ്പുകളൊന്നും ഈവർഷം നടക്കാനില്ലാത്തതിനാൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റിന് ജനപ്രിയസ്വഭാവം തെല്ലുമില്ല. അതുകൊണ്ടുതന്നെ എൻ.ഡി.എ. സർക്കാരിനും അതിനെ പിന്താങ്ങുന്ന വ്യവസായി-അതിധനികവിഭാഗത്തിനും വലതുപക്ഷനിരീക്ഷകർക്കും ബജറ്റിന്റെ മിതസ്വഭാവത്തെ പാടിപ്പുകഴ്ത്താം. സാമ്പത്തിക അച്ചടക്കം പുലർത്തുന്നതിൽ ധനമന്ത്രിക്കുള്ള ബദ്ധശ്രദ്ധയെ അനുമോദിക്കാം. പക്ഷേ, സാമ്പത്തികവികാസത്തിന് ഊന്നൽനൽകുന്ന ഈ ബജറ്റ് എൻ.ഡി.എ. സർക്കാരിന്റെ മുൻബജറ്റുകൾപോലെത്തന്നെ സാമ്പത്തിക അസമത്വങ്ങളെ അഭിസംബോധനചെയ്യുന്നതിൽ ശ്രദ്ധയൂന്നിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ സാമൂഹികക്ഷേമമേഖലകൾക്കായി നീക്കിവെച്ച തുകയെക്കാൾ വളരെക്കുറച്ചേ നടപ്പുവർഷം ചെലവഴിച്ചിട്ടുള്ളൂവെന്ന് ധനമന്ത്രി ഇന്നലെ അവതരിപ്പിച്ച പുതുക്കിയ കണക്കുകൾ വ്യക്തമാക്കുകയുംചെയ്തു. ഇത്തവണ ആരോഗ്യമേഖലയ്ക്കുള്ള നീക്കിവെപ്പിൽ പത്തുശതമാനം വർധനവരുത്തിയിട്ടുണ്ടെങ്കിലും വൻകിട സ്വകാര്യാശുപത്രികളുടെ സഹകരണത്തോടെ അഞ്ച് മെഡിക്കൽ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നതുപോലെയുള്ള നിർദേശങ്ങൾ മൂലധനശക്തികളോടുള്ള പക്ഷപാതം തുറന്നുകാട്ടുന്നു.
കടലാമപരിചരണകേന്ദ്രവും ദേശീയ ധാതു ഇടനാഴിയിലെ പങ്കാളിത്തവുമൊഴികെ കേരളത്തിന് കേന്ദ്രബജറ്റിൽ കാര്യമായൊന്നും ലഭിച്ചില്ല. എയിംസ്, വേഗറെയിൽ, സാമ്പത്തികപാക്കേജ് തുടങ്ങി സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴി പദ്ധതികളിലൊന്നും കേരളത്തിന് പ്രാതിനിധ്യമില്ല. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി മറന്നുപോയോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം അതിപ്രസക്തമാണ്. ദേശീയധാതു ഇടനാഴിയിൽ കേരളത്തെ ഭാഗമാക്കിയത് നമ്മുടെ ധാതുക്കൾ കടത്തിക്കൊണ്ടുപോകാനാണോ എന്ന വ്യവസായമന്ത്രി പി. രാജീവിന്റെ ചോദ്യവും ചിന്തനീയം.
ഇക്കൊല്ലം നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇല്ല; ഏഴ് അതിവേഗ റെയിൽപദ്ധതികൾ പ്രഖ്യാപിച്ചതിൽ രണ്ടെണ്ണം തമിഴ്നാടിനും ഒന്ന് പശ്ചിമബംഗാളിനും ഗുണപ്പെടുമെന്നുമാത്രം. ബിഹാറിലെ നിയമസഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കഴിഞ്ഞ കേന്ദ്രബജറ്റിൽ ആ സംസ്ഥാനത്തിന് വാരിക്കോരിക്കൊടുത്തതിൽനിന്നു വ്യത്യസ്തമായ സമീപനമാണിത്. ഇക്കൊല്ലം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളുടെകാര്യത്തിൽ ബി.ജെ.പി.ക്ക് വേറിട്ട കണക്കുകൂട്ടലുകളാണുള്ളത് എന്നതാകാം ഇതിനുകാരണം. പതിനാറാം ധനകാര്യക്കമ്മിഷന്റെ ശുപാർശയിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനമായി നിലനിർത്തുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനവും കേരളത്തിലേതടക്കമുള്ള സംസ്ഥാനസർക്കാരുകളെ നിരാശപ്പെടുത്തിയിട്ടുണ്ട്.
മൂലധനച്ചെലവ് കഴിഞ്ഞവർഷത്തെ 11.2 ലക്ഷം കോടി രൂപയിൽനിന്ന് 12.2 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ്. സർക്കാർ നടത്തുന്ന മൂലധനച്ചെലവ് സാമ്പത്തികവളർച്ചയ്ക്കുള്ള പ്രധാന ഇന്ധനമായി കണക്കാക്കുന്ന സമീപനമാണിത്. സെമികണ്ടക്ടർ, ഔഷധങ്ങൾ, യന്ത്രങ്ങൾ, രാസവസ്തുക്കൾ തുടങ്ങി ഒട്ടേറെ സാമഗ്രികളുടെ ഉത്പാദനം വർധിപ്പിക്കാനുതകുന്ന നിർദേശങ്ങളും ബജറ്റിലുണ്ട്. രാജ്യത്തെ തൊഴിലില്ലാപ്പട വർഷംതോറും കൂടിവരുന്ന സാഹചര്യത്തിലാണ് തൊഴിലധിഷ്ഠിത ഉത്പാദനം ഊർജിതപ്പെടുത്താനുള്ള ഈ ശ്രമം. ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച പ്രോത്സാഹനങ്ങളും ഈ പശ്ചാത്തലത്തിൽ സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെ.
ബഹളങ്ങളില്ലാതെ, സാമ്പത്തികസ്ഥിരതയും വളർച്ചയും കൈവരിക്കാനുതകുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, സമ്പത്തിന്റെ നീതിപൂർവമായ പുനർവിതരണത്തിലുള്ള താത്പര്യക്കുറവ് പ്രകടമാണ്. ദരിദ്രകുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതകം നൽകാനുള്ള പദ്ധതിക്കുള്ള വിഹിതത്തിൽ 28 ശതമാനം കുറവുവരുത്തിയത് ഉദാഹരണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ മാറ്റംവരുത്തി അവതരിപ്പിച്ച വികസിത് ഭാരത്- ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ(ഗ്രാമീൺ) പദ്ധതിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നത് 95,692 കോടി രൂപയാണ്. എന്നാൽ, സർക്കാർ നേരത്തേ പ്രഖ്യാപിച്ചതുപോലെ വർഷം 125 ദിവസത്തെ തൊഴിൽ കൊടുക്കണമെങ്കിൽ 2.3 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് ധനശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. സമത്വമില്ലെങ്കിൽപ്പിന്നെ എന്തിനാണു വളർച്ച എന്ന ചോദ്യം ബാക്കിനിൽക്കുന്നു.
Published: 01 Feb 2026, 11:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented