ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാസഭയിൽ പറഞ്ഞ വാക്കുകൾ ഇവിടെ ഓർക്കാവുന്നതാണ്: ‘ഭരണഘടനപ്രകാരം, ഗവർണർക്ക് സ്വന്തംനിലയിൽ ചെയ്യാവുന്ന ഒരു കാര്യവും ഇല്ല.’

കേരള പി.എസ്.സി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ, കേരള ഗവർണറായിരിക്കേ രാജേന്ദ്ര ആർലേക്കർ ശുപാർശചെയ്തതായി വാർത്ത വന്നിരിക്കുന്നു. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ചമുൻപാണ് അദ്ദേഹം ഈ ശുപാർശ അയച്ചതെന്നാണ് പുറത്തുവന്ന വിവരം. ഭരണഘടനാസ്ഥാപനമായ പി.എസ്.സി.യെ ലക്ഷ്യമിട്ട് കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും ഗവർണർപദവിയെയുംസംബന്ധിച്ച പുതിയ സംവാദങ്ങൾക്ക് വഴിതുറന്നേക്കാവുന്ന സംഭവവികാസമാണിത്. പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടുന്നതിനെക്കുറിച്ച് ഗവർണർ നിയമോപദേശം തേടിയത് ഓഗസ്റ്റ് 17-ന് ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു. ആസൂത്രണബോർഡിലെ നിയമനക്രമക്കേട് ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ പി.എസ്.സി.ക്കെതിരേ ഉയർന്നിട്ടുണ്ട്. പലതും വിശ്വാസയോഗ്യവുമാണ്. പി.എസ്.സി.ക്കെതിരായ പരാതികൾ കേരള ഹൈക്കോടതി പരിഗണിച്ചുവരുകയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷിക്കുകയുംചെയ്യുന്നു. ഇതൊക്കെയാണെങ്കിലും പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് ഗവർണർ ശുപാർശ നൽകിയതിലെ ഭരണഘടനാപരമായ ശരികേട് ചോദ്യംചെയ്യപ്പെടേണ്ടതാണ്.
സംസ്ഥാനസർവീസിലെ നിയമനങ്ങൾ നടത്താൻ ചുമതലപ്പെട്ട പി.എസ്.സി.കളുടെ രൂപവത്കരണത്തിന് ചട്ടംകെട്ടിയിരിക്കുന്നത് ഭരണഘടനയുടെ 315-ാംവകുപ്പിലാണ്. 316-ാംവകുപ്പുപ്രകാരം പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും നിയമിക്കേണ്ടത് ഗവർണറാണ്. അതേസമയം, ഇവരെ പുറത്താക്കുന്നതിനുള്ള പ്രക്രിയ താരതമ്യേന സങ്കീർണമാണ്. 317(1) വകുപ്പനുസരിച്ച്, അതിനുള്ള അധികാരം രാഷ്ട്രപതിക്കാണ്. പുറത്താക്കാനുള്ള ശുപാർശയുണ്ടായാൽ രാഷ്ട്രപതി അക്കാര്യം സുപ്രീംകോടതിയുടെ അന്വേഷണത്തിനു വിടും. സുപ്രീംകോടതി കുറ്റം കണ്ടെത്തിയാൽമാത്രമേ രാഷ്ട്രപതി പുറത്താക്കലിന് ഉത്തരവിടൂ. പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിക്കഴിഞ്ഞാൽ, ഗവർണർക്ക് വേണമെങ്കിൽ ഇവരെ സസ്പെൻഡുചെയ്യാം. രാഷ്ട്രപതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കും ഈ നടപടി. പക്ഷേ, പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടെയും നിയമനം, സസ്പെൻഷൻ, പുറത്താക്കലിനുള്ള ശുപാർശ എന്നിവയുടെ കാര്യത്തിൽ ഗവർണർക്ക് സ്വന്തംനിലയിൽ തീരുമാനമെടുക്കാനൊന്നും പറ്റില്ല; സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയ്ക്കുവിധേയമായിമാത്രമേ അതു സാധ്യമാകൂ. ഇതെന്നല്ല, ഗവർണറുടെ ഏതുതീരുമാനവും നടപടിയും സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയനുസരിച്ചേ പറ്റൂവെന്ന് ഭരണഘടനയിലും സുപ്രീകോടതിയുടെ വിവിധ ഉത്തരവുകളിലും സ്പഷ്ടമാക്കിയിട്ടുള്ളതാണ്. ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനാസഭയിൽ പറഞ്ഞ വാക്കുകൾ ഇവിടെ ഓർക്കാവുന്നതാണ്: ‘ഭരണഘടനപ്രകാരം, ഗവർണർക്ക് സ്വന്തംനിലയിൽ ചെയ്യാവുന്ന ഒരു കാര്യവും ഇല്ല.’
ആരോപണങ്ങൾ നേരിട്ട കർണാടക പി.എസ്.സി. ചെയർമാൻ ശിവശങ്കരപ്പ എസ്. സഹുകറിനെ പുറത്താക്കാൻ ഗവർണർ താവർചന്ദ് ഗഹ്ലോത് കഴിഞ്ഞ ജൂലായിൽ രാഷ്ട്രപതിക്കു ശുപാർശ നൽകിയിരുന്നു. അതിനുശേഷം ചെയർമാനെ ഗവർണർ സസ്പെൻഡുചെയ്തെങ്കിലും ആ നടപടി ഓഗസ്റ്റിൽ കർണാടക ഹൈക്കോടതി റദ്ദാക്കി. ഗവർണർപദവിയുടെ പരിമിതികൾ വ്യക്തമാക്കിയ വിധിന്യായമാണ് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമനുസരിച്ചല്ല ഗവർണറുടെ നടപടിയെന്നുകണ്ടാണ് കോടതി അത് അസാധുവാക്കിയത്. ഇതേത്തുടർന്ന് സംസ്ഥാന മന്ത്രിസഭ ശുപാർശനൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഗവർണർ വീണ്ടും പി.എസ്.സി. ചെയർമാനെ സസ്പെൻഡുചെയ്യുകയുംചെയ്തു. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ് ഗവർണർ. അതേസമയം, പി.എസ്.സി. ചെയർമാനെ പുറത്താക്കാൻ കർണാടക ഗവർണർ രാഷ്ട്രപതിക്കു ശുപാർശനൽകിയത് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെയാണെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
സംസ്ഥാന മന്ത്രിസഭയുടെ അറിവോ സമ്മതമോ ശുപാർശയോ കൂടാതെ സ്വന്തംനിലയിലാണ് കേരള പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണറെന്നനിലയിൽ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. അങ്ങനെ സ്വന്തംനിലയിൽ പ്രവർത്തിക്കാനുള്ള വിവേചനാധികാരം ഇന്ത്യൻ ഭരണഘടന ഗവർണർക്കു നൽകുന്നില്ല. അധികാരപരിധി ലംഘിക്കാൻ ഗവർണർമാരെ പ്രേരിപ്പിക്കുന്നത് ഫെഡറൽ തത്ത്വങ്ങളോടുള്ള അനാദരവും തങ്ങളെ നിയമിച്ച കേന്ദ്രസർക്കാരിനോടുള്ള പരിധിവിട്ട കൂറുമാണ്. ആ കൂറ് പ്രകടിപ്പിക്കുന്നതിൽ തന്റെ മുൻഗാമിയായ ആരിഫ് മുഹമ്മദ് ഖാനെക്കാൾ വളരെയൊന്നും പിന്നാക്കമായിരുന്നില്ല രാജേന്ദ്ര ആർലേക്കർ. പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ മന്ത്രിസഭാശുപാർശയില്ലാതെ ആർലേക്കർ നടത്തിയ നീക്കത്തിലും പ്രതിഫലിക്കുന്നത് അതാണ്. ആ നീക്കത്തിന്റെ ഭരണഘടനാപരമായ അനൗചിത്യം രാഷ്ട്രപതി കണക്കിലെടുക്കണം.
Published: 25 Oct 2026, 10:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented