തിരഞ്ഞെടുപ്പുകമ്മിഷന്റെ എസ്.ഐ.ആർ.പ്രക്രിയ പൂർത്തിയായ ഉത്തർപ്രദേശിൽ വോട്ടർപട്ടികയെപ്പറ്റി പുതിയ ആക്ഷേപങ്ങൾ ഉയർന്നിരിക്കുകയാണ്. ഉത്തർപ്രദേശും കേരളവുമടക്കം ഒൻപതു സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലുമായി കഴിഞ്ഞ നവംബർമുതൽ ഏപ്രിൽവരെയാണ് എസ്.ഐ.ആർ. രണ്ടാംഘട്ടം നടന്നത്. ആ ഘട്ടത്തിൽ, പട്ടികയിൽനിന്ന് ഏറ്റവുമധികം വോട്ടർമാർ നീക്കംചെയ്യപ്പെട്ട സംസ്ഥാനം ഉത്തർപ്രദേശാണ്-2.89 കോടി. ആറുമാസത്തിനകം നിയമസഭാതിരഞ്ഞെടുപ്പുനടക്കാനുള്ള സംസ്ഥാനത്ത് ഇപ്പോൾ വോട്ടർപട്ടികയെപ്പറ്റി പരാതിപ്രളയമാണ്.

എല്ലാ നിയമസഭാമണ്ഡലങ്ങളിലെയും വോട്ടർപട്ടിക പരിശോധിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഉത്തർപ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം നിർദേശം നൽകി. എസ്.ഐ.ആറിനുശേഷം പിലിഭിത്ത് മണ്ഡലത്തിൽ 13,510 പേരുകൾ വോട്ടർപട്ടികയിൽനിന്ന് മാറ്റപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചതിനെത്തുടർന്നാണ് ഇത്. പരാതിയിൽ വസ്തുതയുണ്ടെന്നു കണ്ടെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രണ്ടു തിരഞ്ഞെടുപ്പുദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചു. ഇവരെ വോട്ടർപട്ടിക പരിഷ്കരണച്ചുമതലയിൽനിന്നു നീക്കുകയുംചെയ്തു. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് പലയിടത്തും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടിക്കു നിർദേശിച്ചിരിക്കുകയാണ്. വോട്ടർമാരെ ഉൾപ്പെടുത്താനോ നീക്കാനോ ഉള്ള ‘അപേക്ഷാഫോം ഏഴ്’ വ്യാപകമായി ദുരുപയോഗംചെയ്തതായും ആക്ഷേപമുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോട് നിർദേശിച്ചിരിക്കുകയാണ്. ഇതിനുപുറമേ, സംസ്ഥാന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ‘രാം നെ യാദവ് കോ മാരാ’(രാമൻ യാദവനെ കൊന്നു), ‘രാം നെ ശർമ്മ കോ മാരാ’(രാമൻ ശർമ്മയെ കൊന്നു) എന്നീ പേരുകൾ വോട്ടർമാരായി ഉൾപ്പെട്ടതും തിരഞ്ഞെടുപ്പുകമ്മിഷനെ വലയ്ക്കുകയാണ്. പട്ടികയിൽ ഒരാളുടെ പിതാവിന്റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത് ‘ബി.കോം.’ എന്നാണ്.

ഉത്തർപ്രദേശിനുംമറ്റുമൊപ്പം രണ്ടാംഘട്ടത്തിൽ എസ്.ഐ.ആർ. പൂർത്തിയായ പശ്ചിമബംഗാളിൽ, വോട്ടർപട്ടികയിൽനിന്നു പുറത്തായ 1,26,194 പേരുടെ അപ്പീലുകളിൽ തീർപ്പായപ്പോൾ അതിൽ 1,13,943 പേരും പട്ടികയിൽ തിരിച്ചുകയറുകയുണ്ടായി. സംസ്ഥാനത്ത് ഇത്തരം ലക്ഷക്കണക്കിന് അപ്പീലുകളിൽ ഇനിയും തീർപ്പാകാനുണ്ടെന്നതുകൂടി ഇവിടെ ഓർക്കണം. സുപ്രീംകോടതിയുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പുകമ്മിഷൻ രൂപവത്കരിച്ച പ്രത്യേക ട്രിബ്യൂണലുകളാണ് ബംഗാളിൽ അപ്പീലുകൾ പരിഗണിക്കുന്നത്. ബിഹാറിൽമാത്രമായി നടന്ന ഒന്നാംഘട്ട എസ്.ഐ.ആറിനുശേഷം തിരഞ്ഞെടുപ്പുകമ്മിഷൻ ആവിഷ്കരിച്ച ‘ബോധ്യപ്പെടുന്ന പൊരുത്തക്കേടുകൾ’ എന്നൊരു ഒഴിവാക്കൽമാനദണ്ഡം പ്രയോഗിച്ചാണ് ബംഗാളിൽ ലക്ഷക്കണക്കിനു വോട്ടർമാരെ പട്ടികയിൽനിന്നു തള്ളിയത്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി എസ്.ഐ.ആർ. നടന്നുവരുന്ന ഡൽഹിയിൽ, ‘ബോധ്യപ്പെടുന്ന പൊരുത്തക്കേടുകൾ’ എന്നപേരിൽ സംശയമുനയിൽ നിർത്തിയിരിക്കുന്ന മുസ്‌ലിംവോട്ടർമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി കൂടുതലാണെന്ന് ഒരു പഠനത്തിൽ വ്യക്തമാകുകയുണ്ടായി. ഇങ്ങനെ ധാരാളം ആക്ഷേപങ്ങളാണ് എസ്.ഐ.ആർ.പ്രക്രിയക്കെതിരേ ഉയരുന്നത്. വോട്ടർപട്ടികയുടെ പരിഷ്കരണത്തിലും കൈകാര്യകർത്തൃത്വത്തിലും രാജ്യത്ത് അടിമുടി പാകപ്പിഴവുകളുണ്ടെന്നാണു മനസ്സിലാക്കേണ്ടത്.

To advertise here,