ജീവൻരക്ഷാ മരുന്നിന്റെ വിലയിൽ നീതിയും സുതാര്യതയും ഉറപ്പാക്കുക എന്നത് വിപണിയുടെ ഔദാര്യമല്ല, ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്

2700 രൂപയ്ക്ക് വ്യാപാരിക്കു ലഭിക്കുന്ന അർബുദമരുന്ന് രോഗിക്ക് നൽകുന്നത് 27,000 രൂപയ്ക്ക്. 11 രൂപ വിലയുള്ള സലൈൻ ഡ്രിപ്പ് വിപണിയിൽ വിൽക്കുന്നത് 270 രൂപയ്ക്ക്. ഇതിനെ ‘പകൽക്കൊള്ള’ എന്നും ‘കൂട്ടക്കുരുതി’ എന്നും വിളിച്ചത് സുപ്രീംകോടതിയാണ്. അതിലേറെ ഗുരുതരമാണ്, ഈ കൊള്ള നടക്കുന്നെന്ന് കേന്ദ്ര സർക്കാർതന്നെ സമ്മതിക്കുന്നു എന്നത്. കുറഞ്ഞചെലവിൽ മരുന്നുണ്ടാക്കുന്ന രാജ്യമായിട്ടും അതിന്റെ ആനുകൂല്യം രോഗികൾക്കു ലഭിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. കാൻസർ മരുന്നുകൾക്ക് 170 മുതൽ 700 ശതമാനം വരെയും ആശുപത്രികളിലെ മറ്റു സാമഗ്രികൾക്ക് 100 മുതൽ ആയിരം ശതമാനംവരെയും ലാഭംകിട്ടുന്ന രീതിയിലാണ് വില നിശ്ചയിക്കുന്നത്. ഈ കണക്കുകൾ പ്രതിപക്ഷത്തിന്റെ ആരോപണമല്ല, ഭരണകൂടത്തിന്റെ കുറ്റസമ്മതമാണ്. പഴുതുകൾ വ്യക്തമാണ്. ഷെഡ്യൂളിൽ ഉൾപ്പെട്ട ആയിരത്തോളം മരുന്നുകൾക്കുമാത്രമാണ് പരമാവധി വിലയിൽ നിയന്ത്രണമുള്ളത്. രാജ്യത്തെ 82 ശതമാനം മരുന്നുകളും പട്ടികയ്ക്കുപുറത്താണ്. അവയുടെ ആദ്യവില എത്രയായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിർമാതാക്കൾതന്നെ. വിലയിടുന്നവർതന്നെ ലാഭം നിശ്ചയിക്കുന്ന ഈ സംവിധാനത്തെ വിപണി എന്നു വിളിക്കാനാവില്ല, അത് കണ്ണുംപൂട്ടിയുള്ള ചൂഷണമാണ്. ജീവൻ രക്ഷിക്കേണ്ട മരുന്നുകൾ ലാഭക്കൊതിയുടെ ഉപാധികളാകുമ്പോൾ ചോദ്യംചെയ്യപ്പെടുന്നത് വിപണിയുടെ ധാർമികത മാത്രമല്ല, ഭരണകൂടത്തിന്റെ ഉത്തരവാദിത്വംകൂടിയാണ്. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയങ്ങൾ രാജ്യത്തെ ആരോഗ്യപരിരക്ഷാ സംവിധാനത്തിന്റെ അടിസ്ഥാനപ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. മരുന്നിന്റെ വിലയിലെ പത്തിരട്ടി വ്യത്യാസം, മരുന്നുകൾക്ക് അനുവദിക്കാവുന്ന ലാഭത്തിന് പരിധി നിശ്ചയിക്കാത്തത്, ജനറിക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാത്തത്, ആശുപത്രികളുടെ സ്വന്തം ഫാർമസികളിൽനിന്നുമാത്രം മരുന്നു വാങ്ങാൻ രോഗികളെ നിർബന്ധിക്കുന്നത് എന്നിവയെല്ലാം ഒരേ പ്രശ്നത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്.
ജീവൻ നിലനിർത്താൻ മരുന്ന് അനിവാര്യമായ ഒരാൾക്ക് അതിനെച്ചൊല്ലി വിലപേശാനുള്ള അവസരമില്ല. രോഗം നിർണയിക്കപ്പെടുന്ന നിമിഷംമുതൽ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രോഗിയും കുടുംബവും. അർബുദമടക്കമുള്ള ഗുരുതരവ്യാധികൾക്ക് വിറ്റും കടം വാങ്ങിയും ചികിത്സ തുടരുന്നവർക്ക് മരുന്നുവിലയിലെ ഓരോ വർധനയും വലിയ വെല്ലുവിളിയാണ്. സർക്കാർപദ്ധതികളിൽ അംഗമായവരുടെ ചികിത്സയ്ക്ക് ഖജനാവിൽനിന്ന് പണം നൽകുമ്പോൾ ഈ അമിതവിലയുടെ ഭാരം നികുതിദായകനുമേലും വന്നുചേരുന്നു. വിലനിർണയത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടി ഡോ. സഞ്ജയ് കുലക്ഷേത്രയും കിഷൻ ചന്ദ് ജെയിനും നൽകിയ ഹർജിയിൽ കോടതി ഉന്നയിച്ച ആശങ്കകൾ, രോഗികളുടെ അവകാശങ്ങളും മരുന്നുവിപണിയുടെ ഉത്തരവാദിത്വവും സംബന്ധിച്ച് ദേശീയതലത്തിലുള്ള ചർച്ചയ്ക്ക് വഴിതുറക്കുന്നതാണ്. ആ ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ മറുപടിനൽകേണ്ടത് വ്യക്തമായ നയങ്ങളിലൂടെയും സമയബന്ധിതമായ നടപടികളിലൂടെയുമാണ്.
മരുന്നിന്റെ ഉത്പാദനച്ചെലവ്, വിതരണച്ചെലവ്, നികുതി, സംഭരണച്ചെലവുകൾ, ആശുപത്രിയുടെ പ്രവർത്തനച്ചെലവ് തുടങ്ങിയ ഘടകങ്ങൾ വിലനിർണയത്തിൽ ഉൾപ്പെടാം. അതുകൊണ്ടുതന്നെ വാങ്ങൽവിലയും വിൽപ്പനവിലയും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളെയും വിശദമായ പരിശോധനയില്ലാതെ നിയമവിരുദ്ധമായ ലാഭമായി വിശേഷിപ്പിക്കാനാവില്ല. എന്നാൽ, ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത ശേഷവും പത്തിരട്ടി വില ഈടാക്കാനാകുമോ എന്നതാണ് അടിസ്ഥാനചോദ്യം. ജീവൻരക്ഷാ മരുന്നിന്റെ വിലയിൽ നീതിയും സുതാര്യതയും ഉറപ്പാക്കുക എന്നത് വിപണിയുടെ ഔദാര്യമല്ല, ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.
Published: 24 Oct 2026, 11:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented